റേറ്റ് പേയർ പ്രൊട്ടക്ഷൻ ആക്ടിന് സെനറ്റിൽ തടസം; ഡാറ്റാ സെന്റർ നിരക്കുകൾക്കെതിരെയുള്ള നിയമനിർമ്മാണം ഡെമോക്രാറ്റിക് അംഗം തടഞ്ഞു

വാഷിംഗ്ടൺ: എഐ ഡാറ്റാ സെന്‍ററുകളുടെ ഭീമമായ ഊർജ്ജ ചെലവ് സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ചെങ്കിലും സെനറ്റിൽ തടസ്സം. റിപ്പബ്ലിക്കൻ പാർട്ടി മുന്നോട്ടുവെച്ച ‘റേറ്റ് പേയർ പ്രൊട്ടക്ഷൻ ആക്ട്’ ഡെമോക്രാറ്റിക് സെനറ്റർ മാർട്ടിൻ ഹൈൻറിച്ച് ഒറ്റയ്ക്ക് വോട്ടുചെയ്ത് തടയുകയായിരുന്നു. കഴിഞ്ഞ ദിവസം 3-നെതിരെ 417 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ ഈ ബിൽ പാസ്സായത്.

പ്രമുഖ ടെക് കമ്പനികളുടെ പുതിയ ഡാറ്റാ സെന്ററുകൾക്കായി വേണ്ടിവരുന്ന ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളുടെ ചെലവ് കമ്പനികൾ തന്നെ വഹിക്കണമെന്നും അത് സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ കൂട്ടിച്ചേർക്കരുതെന്നുമാണ് ബിൽ നിർദ്ദേശിക്കുന്നത്. എന്നാൽ നിലവിലെ ബിൽ പൊതുജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് അംഗം ബില്ലിനെ എതിർത്തത്.

ഡാറ്റാ സെന്ററുകൾ കാരണം ജനങ്ങളുടെ വൈദ്യുതി ബിൽ കുത്തനെ ഉയരുന്നുണ്ടെന്ന കാര്യം അംഗീകരിക്കുന്നുവെന്നും എന്നാൽ ഇതിനേക്കാൾ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ‘ഗ്രിഡ് സേവിംഗ്സ് ആക്ട്’ പാസാക്കണമെന്നുമാണ് മാർട്ടിൻ ഹൈൻറിച്ച് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ശുദ്ധോർജ്ജ ഉപയോഗവും പരിസ്ഥിതി സംരക്ഷണവും നിർബന്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജനപ്രതിനിധി സഭയുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തെപ്പോലും തടസ്സപ്പെടുത്തുന്ന ഡെമോക്രാറ്റിക് നിലപാടിനെതിരെ റിപ്പബ്ലിക്കൻ അംഗങ്ങൾ ശക്തമായി രംഗത്തെത്തി.

അമേരിക്കൻ ജനങ്ങൾക്ക് ഉടനടി ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആശ്വാസമാണ് ഡെമോക്രാറ്റുകൾ ഇല്ലാതാക്കിയതെന്ന് ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർമാർ ആരോപിച്ചു. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ വൈദ്യുതി ബിൽ വർദ്ധനവും എഐ ഡാറ്റാ സെന്ററുകളുടെ വ്യാപനവും പ്രധാന ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കെയാണ് പാർലമെന്റിൽ ഈ പുതിയ രാഷ്ട്രീയ പോരാട്ടം.

More Stories from this section

family-dental
witywide