ഫോം 6, 7, 8 എന്നിവ മാറ്റാൻ എന്ത് അധികാരം? 43 ലക്ഷം പേരുടെ വോട്ട് എവിടെ? ഒഴിവാക്കിയതെങ്ങനെ? എസ്ഐആർ കേസിൽ സുപ്രധാന ചോദ്യങ്ങളുമായി സുപ്രീം കോടതി

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തീവ്ര തിരുത്തൽ പ്രക്രിയയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളും ചോദ്യങ്ങളുമായി സുപ്രീം കോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അധിക വ്യവസ്ഥകൾ ചേർക്കാൻ കമ്മിഷന് അധികാരമുണ്ടെങ്കിലും ചട്ടങ്ങൾ മറികടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2003-ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ നിസ്സാര പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്നും, എന്യൂമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാൻ കഴിയുമോ എന്നും കോടതി ചോദ്യമുന്നയിച്ചു.

രേഖകളിലെ പേര്, പ്രായം, വിലാസം എന്നിവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമായിരുന്നുവെന്നും ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താമസമില്ലാത്തവരായി കണക്കാക്കി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയാണെന്ന് ചോദിച്ച കോടതി, വിലാസം മാറിയതിന്റെ പേരിൽ ആരെയും പട്ടികയിൽനിന്ന് ഒഴിവാക്കരുതെന്നും ഈ 43 ലക്ഷം പേരെ കണ്ടെത്താൻ ശ്രമിക്കണമെന്നും നിർദേശിച്ചു.

എസ്.ഐ.ആർ നടക്കുമ്പോൾ ഇവർക്ക് എന്യൂമറേഷൻ ഫോം ഉപയോഗിക്കാൻ കഴിയണമെന്നും അന്തിമ പട്ടിക വന്ന ശേഷമാണ് ഫോം 6-ന്റെ പ്രസക്തിയെന്നും കോടതി വിലയിരുത്തി. താമസം മാറിയവരെക്കൊണ്ട് ഫോം 6 എന്തിനാണ് പൂരിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അധികം ആളുകളും പരാതികളുമായി മുന്നോട്ടു വരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. തുടർന്ന് കേസിൽ വിശദീകരണത്തിനും തുടർനടപടികൾക്കുമായി സുപ്രീം കോടതി കമ്മിഷന് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കുകയും, അതുവരെ അന്തിമ വോട്ടർപട്ടിക തയ്യാറാക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തു.

SIR Case: Supreme Court Questions Omission of 43 Lakh Voters, Directs EC Not to Finalize Electoral Rolls

More Stories from this section

family-dental
witywide