‘ഇന്ദിര’ക്ക് ചെക്ക് വെച്ച് മോദി സർക്കാർ, സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് പേര് ഒഴിവാക്കി; പകരം ‘പിഎം’ എന്ന് ചേർക്കാൻ കേന്ദ്ര തീരുമാനം

ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന പ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവ പെൻഷൻ പദ്ധതി എന്നിവയുൾപ്പെടെ നാല് പ്രധാന പെൻഷൻ പദ്ധതികളുടെ പേരുകളിൽ നിന്നാണ് മുൻ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കുന്നത്. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ (പി.എം.) എന്ന പേര് ചേർത്തായിരിക്കും ഇനി മുതൽ ഈ പദ്ധതികൾ അറിയപ്പെടുക. സാമൂഹ്യ സുരക്ഷാ പദ്ധതികൾ അടുത്ത അഞ്ച് കൊല്ലത്തേക്ക് കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.

അഞ്ച് ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ ഹിന്ദിയിലേക്ക് മാറ്റാനും ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം ഇനി ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന’ എന്ന് അറിയപ്പെടും. സമാനമായ രീതിയിൽ ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ പദ്ധതികളിൽ നിന്നും ഇന്ദിരാഗാന്ധിയുടെ പേര് മാറ്റി പകരം പ്രധാനമന്ത്രി എന്ന് ചേർത്തിട്ടുണ്ട്. കൂടാതെ ദേശീയ കുടുംബ സഹായ പദ്ധതി, ദേശീയ സാമൂഹ്യ സുരക്ഷാ സഹായ പദ്ധതി എന്നിവയുടെ പേരുകളും ഹിന്ദിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ പദ്ധതികൾ അഞ്ച് വർഷത്തേക്ക് കൂടി നീട്ടുന്നതിനായി 53,000 കോടിയിലധികം രൂപയാണ് (53,428 കോടി രൂപ) കേന്ദ്ര സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഭിന്നശേഷി പെൻഷൻ പദ്ധതിക്കുള്ള മാനദണ്ഡങ്ങളിലും നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ 80 ശതമാനം വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷൻ, ഇനി മുതൽ 40 ശതമാനം വൈകല്യമുള്ളവർക്കും ലഭിക്കും. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനിക്കുന്നത് മുതൽ തന്നെ ഈ പെൻഷന് അർഹതയുണ്ടായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങൾ ശക്തമാകുന്നതിനിടെയാണ് സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിക്കൊണ്ടുള്ള ഈ രാഷ്ട്രീയ നീക്കം. മുൻ പ്രധാനമന്ത്രിയുടെ പേര് മാറ്റിയുള്ള കേന്ദ്ര മന്ത്രിസഭയുടെ ഈ തീരുമാനം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തിക സഹായങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനൊപ്പം പദ്ധതികളുടെ പേരുകൾ മാറ്റുന്നതിലൂടെ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

Centre Drops Indira Gandhi’s Name from Social Security Schemes; Replaces It with ‘PM’

Also Read

More Stories from this section

family-dental
witywide