
വാഷിംഗ്ടൺ: അമേരിക്കയിൽ ഉന്നത പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളിൽ മാറ്റം വരുത്താൻ വൈറ്റ് ഹൗസ് നീക്കം തുടങ്ങുന്നു. എഫ്-1 വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടരാവുന്ന കാലാവധി പരമാവധി നാല് വർഷമായി നിജപ്പെടുത്താനാണ് നിർദ്ദിഷ്ട പദ്ധതി. നിലവിൽ പഠനം പൂർത്തിയാകുന്നത് വരെ അമേരിക്കയിൽ തുടരാൻ അനുവദിക്കുന്ന ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ രീതിക്ക് പകരം നിശ്ചിത സമയപരിധി ഏർപ്പെടുത്താനാണ് നീക്കം. വൈറ്റ് ഹൗസിൻ്റെ ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റിൻ്റെ (OMB) പരിഗണനയിലുള്ള ഈ നിയമം നടപ്പിലായാൽ, നാല് വർഷത്തിന് ശേഷം പഠനം തുടരണമെങ്കിൽ വിദ്യാർത്ഥികൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്ന് വിസ പുതുക്കേണ്ടി വരും.
എഫ്-1 വിസക്കാർക്ക് പുറമെ ജെ-1 എക്സ്ചേഞ്ച് വിസയിലുള്ളവർക്കും വിദേശ മാധ്യമപ്രവർത്തകർക്കുള്ള ഐ-വിസ ഉള്ളവർക്കും ഈ നിയന്ത്രണം ബാധകമാകും. നേരത്തെ ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച ഈ നിർദ്ദേശം അന്ന് ശക്തമായ എതിർപ്പിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഈ നിയമം നടപ്പിലാക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുമെന്നും സർവ്വകലാശാലകൾക്ക് അനാവശ്യമായ ഭരണപരമായ ബാധ്യതകൾ ഉണ്ടാക്കുമെന്നും വിമർശനമുണ്ട്. കൂടാതെ, വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിദ്യാർത്ഥികളിൽ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിനും സാമ്പത്തിക ചെലവിനും കാരണമാകുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
RIN: 1653-AA95 എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഈ നിയമ നിർദ്ദേശം നിലവിൽ വൈറ്റ് ഹൗസിൻ്റെ ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റിൻ്റെ അന്തിമ പരിശോധനയിലാണ്. ചൊവ്വാഴ്ചയാണ് ഇത് ഒ.എം.ബിക്ക് സമർപ്പിച്ചത്. സാധാരണഗതിയിൽ നിയമം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപുള്ള അവസാന ഘട്ടമാണിത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് കുടിയേറ്റ നിയമ വിദഗ്ധയായ എമിലി ന്യൂമാൻ അഭിപ്രായപ്പെട്ടു.
നാഷണൽ സ്റ്റുഡൻ്റ് ക്ലിയറിംഗ് ഹൗസ് റിസർച്ച് സെൻ്ററി കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അമേരിക്കയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിസ ഇൻ്റർവ്യൂകളിലെ കാലതാമസവും മറ്റ് കർശന നിയമങ്ങളും അന്താരാഷ്ട്ര വിദ്യാർത്ഥികളെ അമേരിക്കയിൽ നിന്ന് അകറ്റുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ നിയമം കൂടി വരുന്നത് അമേരിക്കൻ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
Setback for F-1 visa holders: White House moves to shorten the period they can stay in the US














