ഇന്ത്യക്കാർക്ക് തിരിച്ചടി: യു.എസ് EB-5 അൺറിസർവ്ഡ് ഗ്രീൻ കാർഡ് വിതരണം സെപ്റ്റംബർ 30 വരെ നിർത്തിവെച്ചു

വാഷിംഗ്‌ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) ഇന്ത്യക്കാർക്കുള്ള ഇബി-5 അൺറിസർവ്ഡ് കാറ്റഗറിയിലെ ഗ്രീൻ കാർഡ് വിതരണം താത്കാലികമായി നിർത്തിവെച്ചു. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കായി അനുവദിച്ച നിശ്ചിത വിസ പരിധി ജൂൺ ആദ്യവാരത്തോടെ പൂർത്തിയായതിനെ തുടർന്നാണ് ഈ നടപടി.

നേരത്തെ ഇന്ത്യക്കാർക്കിടയിൽ ഏറെ ഡിമാൻ്റുള്ള ഇബി-2 വിസ കാറ്റഗറിയുടെ പരിധിയും കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിക്ഷേപകർക്കുള്ള ഇബി-5 അൺറിസർവ്ഡ് വിസയും നിർത്തലാക്കുന്നത്.

ആരെയെല്ലാം ബാധിക്കും?
ഈ വർഷം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇബി-5 അൺറിസർവ്ഡ് വിഭാഗത്തിൽ ഗ്രീൻ കാർഡ് ലഭിക്കേണ്ടിയിരുന്ന ഇന്ത്യൻ നിക്ഷേപകരെ ഈ തീരുമാനം നേരിട്ട് ബാധിക്കും. ഇവർക്ക് ഇനി ഗ്രീൻ കാർഡിനായി പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന 2026 ഒക്ടോബർ 1 വരെ കാത്തിരിക്കേണ്ടി വരും. ഒക്ടോബറിൽ വാർഷിക വിസ പരിധി പുതുക്കുന്നതോടെ മാത്രമേ ഇവർക്ക് വീണ്ടും ഗ്രീൻ കാർഡ് അനുവദിക്കൂ.

എന്താണ് EB-5 വിസ?
അമേരിക്കയിൽ വലിയ തുക നിക്ഷേപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിദേശികൾക്ക് നൽകുന്ന ഗ്രീൻ കാർഡ് പ്രോഗ്രാമാണിത്. നിശ്ചിത തൊഴിൽ മേഖലകളിലോ (TEA) അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലോ കുറഞ്ഞത് 800,000 യു.എസ് ഡോളർ (ഏകദേശം 6.6 കോടിയിലധികം രൂപ) നിക്ഷേപിക്കണം എന്നതാണ് ഇതിൻ്റെ പ്രധാന നിബന്ധന. കൂടാതെ, യു.എസ് പൗരന്മാർക്കായി കുറഞ്ഞത് 10 സ്ഥിരം പൂർണ്ണസമയ ജോലികളെങ്കിലും സൃഷ്ടിച്ചിരിക്കണം. ഇതിൽ റിസർവ്ഡ് (ഗ്രാമപ്രദേശങ്ങൾ, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ), അൺറിസർവ്ഡ് (ഹോട്ടൽ ബിസിനസ്സ് തുടങ്ങിയവ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. ഇതിൽ അൺറിസർവ്ഡ് വിഭാഗത്തിനാണ് ഇപ്പോൾ നിയന്ത്രണം വന്നിരിക്കുന്നത്.

സാധാരണയായി ഐടി ജീവനക്കാരും എച്ച്-1ബി വിസയുള്ളവരും അപേക്ഷിക്കുന്ന ഇബി-2 കാറ്റഗറിയിലാണ് ഇന്ത്യക്കാരുടെ വലിയ തിരക്കും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാറുള്ളത്. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ ലക്ഷക്കണക്കിന് ഡോളർ നിക്ഷേപം വേണ്ടിവരുന്ന ഇബി-5 കാറ്റഗറിയും തീർന്നു എന്നത്, നിക്ഷേപത്തിലൂടെ യു.എസ് ഗ്രീൻ കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ധനികരായ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിലവിൽ ഈ വിസ ലഭിക്കാൻ 3 മുതൽ 5 വർഷം വരെയാണ് കാത്തിരിപ്പ് സമയം.

Setback for Indians: US suspends EB-5 unreserved green card issuance until September 30

More Stories from this section

family-dental
witywide