വമ്പൻ പ്രക്ഷോഭത്തിലേക്ക് സിപിഎം, അടിയന്തര പ്രമേയത്തിന് പിന്നാലെ നിർണായക നീക്കം; ഇന്ധന വിലവർധനവിൽ സംസ്ഥാനവ്യാപക പ്രതിഷേധം

തിരുവനന്തപുരം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപക പ്രക്ഷോഭ പരിപാടികളുമായി സിപിഎം. ജൂൺ 4ന് ജില്ലാ, ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുകയാണെന്നും കഴിഞ്ഞ മെയ് 15 മുതൽ 25 വരെ വെറും 11 ദിവസത്തിനിടെ നാല് തവണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ ലിറ്ററിന് ഏകദേശം ഏഴര രൂപയുടെ വർധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ കാലയളവിൽ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ഇന്ധന നികുതി ഗണ്യമായി വർധിപ്പിച്ചിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. അന്താരാഷ്ട്ര വിലക്കുറവിന്റെ നേട്ടം ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും ഇപ്പോൾ ക്രൂഡ് ഓയിൽ വില വർധനവിന്റെ പേരിൽ ജനങ്ങൾക്ക് മേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനും അധിക വരുമാനം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിലവിലെ വർധനവിലൂടെ മാത്രം ലിറ്ററിന് രണ്ട് രൂപയിലധികം അധിക വരുമാനം സംസ്ഥാനത്തിന് ലഭിക്കുമെന്നു പറഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നുവയ്ക്കണമെന്ന നിലപാടാണ് അന്നത്തെ പ്രതിപക്ഷ നേതാക്കളായിരുന്ന യു‍ഡിഎഫ് നേതാക്കൾ സ്വീകരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യു‍ഡിഎഫ് നേതാക്കൾ ഇന്ധനവില വർധനവിനെതിരെ മുൻകാലങ്ങളിൽ ശക്തമായ സമരങ്ങൾ നടത്തിയിരുന്നുവെന്നും, എന്നാൽ ഭരണത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം ഇന്ധനവില വർധിപ്പിച്ചിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
2018-ൽ സമാന സാഹചര്യത്തിൽ ഇന്ധനവില വർധിച്ചപ്പോൾ അധിക നികുതി വരുമാനം എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ചിരുന്നുവെന്ന കാര്യം ജനങ്ങൾ ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇന്ധനവില പ്രശ്നം സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും പരാമർശിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു പരാമർശം പോലും നടത്താൻ സർക്കാർ തയ്യാറായില്ലെന്നും, കേന്ദ്ര നയങ്ങളോട് അനുകൂല സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഇന്ധനവില വർധനവും വിലക്കയറ്റവും ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.

More Stories from this section

family-dental
witywide