മുഷിഞ്ഞ ഷർട്ടിട്ടവരെ മാറിനിൽക്കാൻ പറയുന്ന അവസ്ഥയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ, പിണറായിക്കും ഗോവിന്ദനും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം, വീട്ടിൽ പോലും കേൾക്കാമെന്ന് ഗോവിന്ദൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ അതിരൂക്ഷമായ വിമർശനം. പിണറായി വിജയന്റെ ധാർഷ്ട്യവും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണ് തോൽവിക്ക് പ്രധാന കാരണമെന്ന് യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. സാധാരണക്കാർക്ക് പ്രവേശനം പോലുമില്ലാതിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനവും കടുത്ത പ്രതിക്കൂട്ടിലായി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് പന്തലിട്ടാണ് ജനങ്ങളെ സ്വീകരിക്കുന്നതെന്നും എന്നാൽ ഇവിടെ മുഷിഞ്ഞ ഷർട്ടിട്ട സാധാരണക്കാരെ മാറിനിൽക്കാൻ പറയുന്ന അവസ്ഥയായിരുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പ്രായപരിധിയിൽ പിണറായിക്ക് മാത്രം എന്തിന് ഇളവ് നൽകിയെന്ന് ചോദിച്ച യോഗം, അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അഭിപ്രായപ്പെട്ടു. എന്നാൽ സീനിയറായി മറ്റാരുമില്ലാത്തതിനാലാണ് അതെന്നായിരുന്നു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം.

പിണറായിക്ക് പുറമെ മുൻ മന്ത്രിമാരായ എം.ബി. രാജേഷ്, വീണ ജോർജ്ജ് എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത അമർഷമുയർന്നു. ഇരുവരുടെയും ഭരണവും ഓഫീസുകളും പൂർണ്ണ പരാജയമായിരുന്നുവെന്ന് നേതാക്കൾ വിലയിരുത്തി. സംഘടനാബോധമില്ലാത്തവരെ മന്ത്രിമാരാക്കരുതെന്ന് വീണ ജോർജ്ജിനെ ലക്ഷ്യമിട്ട് വിമർശനമുയർന്നു. പത്തനംതിട്ട ടൗണിൽ കാണാമെന്ന വീണയുടെ വെല്ലുവിളിക്കും സമരങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾക്കും ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയതായും നേതാക്കൾ ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണ്ണയത്തിലെ പാളിച്ചകളും ലൈഫ് പദ്ധതി പാതിവഴിയിലായതും തദ്ദേശമേഖലയിലെ തിരിച്ചടിക്ക് കാരണമായതായും യോഗം വിലയിരുത്തി.

അതേസമയം, വാർത്താസമ്മേളനങ്ങളിലെ ശരീരഭാഷയെക്കുറിച്ചുള്ള വിമർശനങ്ങൾ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിച്ചു. സ്വന്തം വീട്ടിൽ നിന്ന് പോലും തനിക്ക് വിമർശനമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണമെന്നും കണ്ണാടിയിൽ നോക്കാറുണ്ടോ എന്നും സ്വന്തം മകൻ പോലും ചോദിച്ചതായി വെളിപ്പെടുത്തി. മാധ്യമപ്രവർത്തകരോട് തിരികെ ചോദ്യം ചോദിക്കുന്നത് നിർത്തിയെന്നും ഇനി കൂടുതൽ പക്വതയോടെ പെരുമാറുമെന്നും ഗോവിന്ദൻ ഉറപ്പുനൽകി. എന്നാൽ, ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ പാർട്ടി സെക്രട്ടറി ന്യായീകരിച്ചു. ഇതിനെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് ശ്യാമളയെ മത്സരിപ്പിച്ചതെന്നും ഗോവിന്ദൻ മറുപടി നൽകി.

Severe criticism against Pinarayi Vijayan and CM office in CPM; MV Govinda says even his son criticized him

More Stories from this section

family-dental
witywide