യുവതികളെ മോഡലിങ്ങിന്റെ മറവിൽ വിദേശത്ത് എത്തിച്ച ലൈംഗിക ചൂഷണം നടത്തിയ കേസിലെ പ്രധാന പ്രതി സിന്ധുവിനെ എറണാകുളത്ത് എത്തിച്ചു. മരട് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യും. സിന്ധുവിനായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സര്‍ക്കുലർ ഇറക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്‍റെ പിടിയിലായത്.
നാളെ കോടതിയിൽ ഹാജരാക്കും. പ്രധാന ആസൂത്രണം നടത്തിയിരുന്നത് സിന്ധുവാണ്. പിടിയിലായ അലീന സിന്ധുവിന്റെ ഏജൻ്റാണെന്നാണ് കണ്ടെത്തൽ. കേസിൽ സിനിമാ സീരിയൽ താരങ്ങൾക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിയെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികമായി ചോദ്യം ചെയ്യും. നാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഗുണ്ടാ ബന്ധം, സാമ്പത്തിക ഇടപാടുകൾ എന്നിവയിലാണ് പ്രധാന അന്വേഷണം. മലയാളി പെണ്‍കുട്ടികളെ മോഡലിങ്ങിൻ്റെ മറവില്‍ വിദേശ സെക്‌സ് റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരകളാക്കിയ കേസില്‍ മുഖ്യപ്രതിയാണ് സിന്ധു. മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പൊലീസ് പറയുന്നത്.
മോഡലുകളെ ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വിസയടക്കം നല്‍കിയതും സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്. കേസില്‍ നിലവില്‍ മൂന്നുപേരാണ് പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് ഇതുവരെ പൊലീസ് പിടിയിലായത്.










