
ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികളെ രാജ്യത്തിന്റെ ഭാവി തലമുറയായി കാണുന്നതിന് പകരം ‘രാജ്യത്തിന്റെ ശത്രുക്കളായി’ ചിത്രീകരിച്ച് അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ തകർച്ചയും വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളും ചൂണ്ടിക്കാട്ടി ‘ദി ഹിന്ദു’ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയാ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
വിദ്യാഭ്യാസ പരിഷ്കരണവും ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തവുമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. എന്നാൽ അവരുടെ ധീരമായ ആവശ്യങ്ങളെ ഭീരുത്വവും അനാവശ്യ ക്രൂരതയും കൊണ്ടാണ് സർക്കാർ നേരിടുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തരംതാഴ്ത്തിയ മോദി ഭരണകൂടത്തിൻ്റെ പൊള്ളത്തരം രാജ്യത്തെ വിദ്യാർത്ഥികൾ തുറന്നുകാട്ടിയതായും സോണിയാ ഗാന്ധി അവകാശപ്പെട്ടു.
രാജ്യത്തുടനീളം അലയടിക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ പെട്ടെന്നുണ്ടായ ഒരു പൊട്ടിത്തെറിയല്ല. വർഷങ്ങളായുള്ള നയപരമായ പരാജയങ്ങളുടെയും സ്ഥാപനപരമായ അവഗണനയുടെയും ഭരണകൂടത്തിൻ്റെ അഹങ്കാരത്തിൻ്റെയും അനിവാര്യമായ അനന്തരഫലമാണിത്. കർഷകർ, ആക്ടിവിസ്റ്റുകൾ എന്നിവരോട് കാണിച്ച അതേ അടിച്ചമർത്തൽ ശൈലിയാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് നേരെയും സർക്കാർ പ്രയോഗിക്കുന്നത്.
2020-ലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭ കാലത്ത് സർവ്വകലാശാലകളിൽ പൊലീസ് നടത്തിയ അതിക്രമങ്ങളും ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമർത്തിയതും ലേഖനത്തിൽ സോണിയാ ഗാന്ധി അനുസ്മരിച്ചു. കഴിഞ്ഞ ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസും കേന്ദ്ര സേനയും നടത്തിയ ലാത്തിച്ചാർജ്ജും കണ്ണീർവാതക-പെല്ലറ്റ് പ്രയോഗവും ജനാധിപത്യത്തിന് നാണക്കേടാണെന്ന് അവർ വിശേഷിപ്പിച്ചു. പരിക്കേറ്റ യുവതലമുറയുടെ ദൃശ്യങ്ങൾ രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ ഉണർത്തുന്നതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള അനുമതിയോടെയാണ് ഈ അതിക്രമങ്ങൾ നടക്കുന്നതെന്നും അവർ ആരോപിച്ചു.
കേന്ദ്ര സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നിന്ന് ബോധപൂർവ്വം പിൻവാങ്ങുകയാണെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം 50 ശതമാനവും ഉന്നതവിദ്യാഭ്യാസത്തിനുള്ള വിഹിതം 33 ശതമാനവും കേന്ദ്രം വെട്ടിക്കുറച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകൾ പൂട്ടിയപ്പോൾ, 43,000-ത്തോളം സ്വകാര്യ സ്കൂളുകൾ പുതുതായി ആരംഭിച്ചു. ഇതിൽ ഭൂരിഭാഗം സ്കൂളുകളും രാഷ്ട്രീയ സ്വയംസേവക് സംഘും അതിൻ്റെ അനുബന്ധ സംഘടനകളുമാണ് നടത്തുന്നത്.
പൊതുവിദ്യാഭ്യാസം തകരുന്നതോടെ സാധാരണ കുടുംബങ്ങൾക്ക് സ്വകാര്യ സ്കൂളുകളെയും വൻ തുക ഈടാക്കുന്ന കോച്ചിംഗ് സെൻ്ററുകളെയും ആശ്രയിക്കേണ്ടി വരുന്നു. നീറ്റ് കോച്ചിംഗിനായി മാത്രം രാജ്യം ചിലവഴിക്കുന്ന തുക പൊതുവിദ്യാഭ്യാസ മേഖലയിലെ സർക്കാരിൻ്റെ ആകെ നിക്ഷേപത്തിന് തുല്യമാണ്. വിദ്യാഭ്യാസത്തിൻ്റെ ഈ അമിത വാണിജ്യവൽക്കരണമാണ് വിദ്യാർത്ഥികളെ നിരാശയിലേക്ക് തള്ളിവിടുന്നത്.
രാജ്യത്തെ പൊതുപരീക്ഷാ സംവിധാനം പൂർണ്ണമായും കേന്ദ്രീകരിക്കപ്പെടുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തുവെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ കൊണ്ടുവന്ന സി.യു.ഇ.ടി പോലുള്ള കേന്ദ്രീകൃത പരീക്ഷകൾ ആവർത്തിച്ചുള്ള ഭരണപരമായ പരാജയങ്ങൾ മാത്രമാണ് സമ്മാനിക്കുന്നത്. വിയോജിപ്പുകളെ രാജ്യവിരുദ്ധമെന്ന് മുദ്രകുത്താതെ, പ്രതിഷേധങ്ങൾക്ക് കാരണമായ സ്വന്തം നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്താൻ മോദി സർക്കാർ തയ്യാറാകണമെന്നും വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുക എന്നത് ധാർമ്മികവും ഭരണഘടനാപരവുമായ കടമയാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
Students are being treated as traitors; Modi government’s arrogance and cowardice, says Sonia Gandhi













