നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച: ‘സൂത്രധാരൻ’ സഞ്ജീവ് മുഖിയയ്ക്ക് സിബിഐ ക്ലീൻ ചിറ്റ്, പരീക്ഷാ പേപ്പർ മോഷ്ടിച്ചതിലോ അത് മറ്റ് പ്രതികൾക്ക് വിതരണം ചെയ്തതിലോ യാതൊരു തെളിവുകളുമില്ല!

ന്യൂഡൽഹി: രാജ്യമൊട്ടാകെ വലിയ വിവാദമുണ്ടാക്കിയ 2024-ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ മുഖ്യ സൂത്രധാരനെന്ന് സംശയിച്ചിരുന്ന സഞ്ജീവ് കുമാർ എന്ന സഞ്ജീവ് മുഖിയയ്ക്ക് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ ക്ലീൻ ചിറ്റ് നൽകി. പരീക്ഷാ പേപ്പർ മോഷ്ടിച്ചതിലോ അത് മറ്റ് പ്രതികൾക്ക് വിതരണം ചെയ്തതിലോ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി.

മുൻപ് സമാനമായ പരീക്ഷാ തട്ടിപ്പ് കേസുകളിൽ പ്രതിയായിരുന്ന പശ്ചാത്തലത്തിലാണ് ബിഹാർ പൊലീസ് ആദ്യഘട്ടത്തിൽ സഞ്ജീവ് മുഖിയയെ എഫ്‌ഐആറിൽ പ്രതി ചേർത്തത്. എന്നാൽ കേസ് ഏറ്റെടുത്ത സിബിഐ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ ഇയാൾക്കെതിരെ യാതൊരു തെളിവുകളും ലഭിക്കാത്തതിനെ തുടർന്ന് പട്‌നയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രങ്ങളിൽ നിന്ന് ഇയാളുടെ പേര് പൂർണ്ണമായി ഒഴിവാക്കുകയായിരുന്നു. നീറ്റ് കേസിൽ കുറ്റവിമുക്തനാക്കപ്പെടുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തെങ്കിലും, ബിഹാർ പൊലീസ് അന്വേഷിക്കുന്ന മറ്റ് ചില പരീക്ഷാ തട്ടിപ്പ് കേസുകളിൽ പ്രതിയായതിനാൽ സഞ്ജീവ് മുഖിയ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹസാരിബാഗിലെ ഒയാസിസ് സ്കൂളിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിച്ചതു മുതൽ അത് വിതരണം ചെയ്തവരും പണം നൽകി വാങ്ങിയവരുമായ വിദ്യാർത്ഥികൾ ഉൾപ്പെടെ 45 പേർക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. ചോദ്യപേപ്പർ മോഷണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയും അതിൻ്റെ ഗുണഭോക്താക്കളെയും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, സഞ്ജീവ് മുഖിയയ്ക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്.

NEET-UG question paper leak: CBI gives clean chit to ‘mastermind’ Sanjeev Mukhiya

More Stories from this section

family-dental
witywide