കൊച്ചി: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ റാമിന്റെ അറസ്റ്റ് നടപടികളിൽ വീഴ്ചവരുത്തി പ്രതിക്ക് ജാമ്യത്തിന് വഴിയൊരുക്കിയ ഡിവൈഎസ്‌പി സുധീർ കല്ലനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്രൗണ്ട്സ് ഓഫ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നതോടെയാണ് അറസ്റ്റിലായ ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയായതെന്നും പ്രതി പുറത്തുപോകട്ടെ എന്ന് കരുതി ഡിവൈഎസ്‌പി മനഃപൂർവ്വം വീഴ്ച വരുത്തുകയായിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓപ്പൺ കോടതിയിലായിരുന്നു പരാമർശങ്ങൾ.
സംസ്ഥാനത്ത് തൂഫാൻ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അതിന്റെ ശോഭ കെടുത്താൻ ശ്രമിക്കുകയാണോ എന്ന ഗുരുതരമായ വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെങ്കിൽ കോടതി ഇടപെടും. ആഭ്യന്തരവകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോയെന്നും ഡിവൈഎസ്പിയോട് കോടതി ചോദിച്ചു.
ഡിവൈഎസ്‌പിയേയും എസ്പിയേയും ശകാരിച്ച കോടതി നിയമം അറിയില്ലേ എന്നും ഡിവൈഎസ്പിയോട് ചോദിച്ചു. ആ പ്രതി ഇറങ്ങി പോകണം എന്നല്ലെ നിങ്ങൾ ഉദ്ദേശിച്ചത്. നിങ്ങൾ കർണ്ണാടകയിൽ പോയില്ലേ. ഡിവൈഎസ്പി ആക്കിയിട്ട് എത്രനാളായെന്ന് ചോദിച്ച കോടതി ഈ അറസ്റ്റിൽ മാത്രം എങ്ങനെ പ്രശനം ഉണ്ടായി. നിങ്ങൾക്ക് നിയമം അറിയില്ലെ. പ്രധാനപ്പെട്ട കേസിൽ പിന്നെ എങ്ങനെ വീഴ്‌ച സംഭവിച്ചുവെന്നും കോടതി ചോദിച്ചു.
ഡിവൈഎസ്പി ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് നിയമം അറിയാം. എന്നിട്ടും അറിയില്ലെന്ന് ഭാവിക്കുകയാണെന്നും കുറ്റപ്പെടുത്തി. എന്ത് അച്ചടക്കനടപടിയാണ് ഡിവൈഎസ്പിക്കെതിരെ സ്വീകരിക്കുക എന്ന് ആരാഞ്ഞ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ഗൗരവകരമായ കേസിൽ പോലീസ് വീഴ്ച ഉണ്ടാകുന്നു. ഇത് ശരിയായ രീതിയല്ല. സാധാരണക്കാരന്റെ കാര്യം നോക്കാൻ കോടതിയുണ്ട് നിങ്ങൾ വിചാരിച്ചാൽ ഒരു പ്രതിയേയും രക്ഷിക്കാൻ നിങ്ങൾക്ക് ആകില്ല. അത് ഓർമയിരിക്കട്ടെ എന്നും മേൽനോട്ടം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു.
High Court sharply criticizes DySP over Dr. M.K. Ram’s arrest.











