മസ്കറ്റ്: ഒമാൻ തീരത്ത് ചരക്ക് കപ്പലിൽ ഉണ്ടായ ആക്രമണത്തിൽ കുടുങ്ങിയ 24 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പലിൽ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ തീപിടുത്തമുണ്ടായെങ്കിലും നാവികർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു.
രക്ഷപ്പെട്ട 24 നാവികരും സുരക്ഷിതരാണെന്നും അവരുടെ ക്ഷേമമുറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് മാരിടൈം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതർ കപ്പലിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
അതേസമയം, ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെയായി പലാവു പതാകയേന്തിയ കപ്പൽ സഞ്ചരിക്കുമ്പോഴാണ് അക്രമണമുണ്ടായത്. കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന് വിള്ളൽ വീഴുകയും ഉള്ളിലേക്ക് വെള്ളം കയറി നിയന്ത്രണം നഷ്‌ടപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ കപ്പലിലെ ലൈഫ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ സങ്കീർണമാക്കിയിരുന്നു.
Ship attack off Oman coast; 24 Indian sailors safely evacuated










