മോസ്‌കോ/ന്യൂഡൽഹി: യുക്രെയ്നിലെ ഒഡേസ തുറമുഖത്തിൽ നിന്ന് പുറപ്പെട്ട ചരക്കുകപ്പലിന് നേരെ ജൂലൈ 19-ന് നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ക്രെംലിൻ അറിയിച്ചു. ഇന്ത്യൻ അധികൃതരുമായി ഞങ്ങൾ ആശയവിനിമയം തുടരുകയാണ് എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച പ്രതികരിച്ചു.
സംഭവത്തിൽ റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ ഇന്ത്യ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ക്രെംലിന്റെ പ്രതികരണം. യുക്രെയ്നിന്റെ വിവരമനുസരിച്ച്, ഗിനിയ-ബിസാവു പതാകയിൽ സഞ്ചരിച്ചിരുന്ന എം.വി. ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിന് നേരെ റഷ്യ മൂന്ന് ക്രൂയിസ് മിസൈലുകൾ പ്രയോഗിക്കുകയായിരുന്നു. ഇന്ത്യയിലെയും സിറിയയിലെയും നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്..ആക്രമണത്തിൽ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും മറ്റൊരു ഇന്ത്യൻ നാവികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥിതിഗതികൾ യുക്രെയ്നിലെ ഇന്ത്യൻ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും എത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ് എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റ ഇന്ത്യൻ പൗരൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു റഷ്യയുടെ ചാർജ് ഡി അഫയേഴ്‌സ് വ്ലാദിമിർ ലഡാനോവിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി, വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യയുടെ ഗുരുതര ആശങ്കയും വ്യക്തമായ അപലപനവും അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
‘In touch with Indian partners’: Kremlin’s response after Indian seafarers killed in Russian strike















