ഏദൻ കടലിടുക്കിൽ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ നാവികസേന പരാജയപ്പെടുത്തി. ഇന്ത്യയിലേക്ക് വരികയായിരുന്ന എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിന് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. കടൽക്കൊള്ളക്കാർ കപ്പൽ വളയുകയും ഉള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും ചെയ്തതോടെ കപ്പലിൽ നിന്നും അപായസന്ദേശം അയക്കുകയായിരുന്നു.
അപായസന്ദേശം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് കുതിച്ചു. നാവികസേനയുടെ പ്രത്യേക കമാൻഡോ വിഭാഗമായ മാർക്കോസ് (മറൈൻ കമാൻഡോസ്) കപ്പലിലിറങ്ങി നടത്തിയ അതിസാഹസികമായ ഓപ്പറേഷനൊടുവിലാണ് കൊള്ളക്കാരെ തുരത്തിയത്. ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു.
കടൽകൊള്ളക്കാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞയുടൻ കപ്പലിലെ ജീവനക്കാർ കൃത്യമായ ആന്റി പൈറസി പ്രോട്ടോക്കോൾ പാലിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. അവർ പെട്ടെന്ന് തന്നെ കപ്പലിനുള്ളിലെ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുകയും അടിയന്തര ആശയവിനിമയ സംവിധാനങ്ങൾ വഴി സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. നാവികസേനയുടെ സമയബന്ധിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.
Indian Navy thwarts piracy attempt on cargo ship in Gulf of Aden










