
സെന്റ് ലൂയിസ്: അമേരിക്കയിലെ സെന്റ് ലൂയിസ് മേഖലയിൽ ബസ് സ്റ്റോപ്പിന് സമീപം 78 കാരനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. യാതൊരുവിധ മുൻവൈരാഗ്യവുമില്ലാതെ, പെട്ടെന്നുണ്ടായ ക്രൂരമായ ആക്രമണത്തിലാണ് വൃദ്ധൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനെതിരെ പൊലീസ് ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി.
യു.എസ് നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനും വിരമിച്ച ബസ് ഡ്രൈവറുമായ ജോൺ ഡബ്ല്യു. അല്ലൻ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഇല്ലിനോയിസിലെ ഈസ്റ്റ് സെന്റ് ലൂയിസിലുള്ള ഒരു തെരുവിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിസൗറി സ്വദേശിയായ അല്ലൻ, പ്രദേശത്തുള്ള തൻ്റെ ബന്ധുക്കളെ സന്ദർശിക്കാനായി എത്തിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്.
കൊലപാതകം നടന്ന സമയത്ത് പ്രതി ‘ക്ലൗൺ’ (കോമാളി) വേഷമാണ് ധരിച്ചിരുന്നതെന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഇല്ലിനോയിസ് സ്റ്റേറ്റ് പൊലീസ് സ്ഥിരീകരിച്ചു. ദൃശ്യങ്ങളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയെ തിരിച്ചറിഞ്ഞ ഉടൻ തന്നെ ഈസ്റ്റ് സെൻ്റ് ലൂയിസിലെ ഒരു വീട്ടിൽ നിന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആളായതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായും അടുത്ത വാദം കേൾക്കുന്നത് വരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും സ്റ്റേറ്റ് അറ്റോർണി ഓഫീസ് വക്താവ് ക്രിസ് അല്ലൻ അറിയിച്ചു.
പ്രതി ചെയ്ത കുറ്റത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, ജുവനൈൽ കോടതിക്ക് പകരം ഇയാളെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് സാധാരണ കോടതിയിൽ വിചാരണ ചെയ്യാനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Shock in St. Louis: 15-year-old dressed as a clown stabs elderly man to death















