യുഎസിലെ അയോവ സർവ്വകലാശാലക്ക് സമീപം വെടിവെപ്പ്: മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിലെ അയോവ സിറ്റിയിൽ സർവ്വകലാശാല കാമ്പസിന് സമീപമുള്ള പെഡസ്ട്രിയൻ മാളിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേർ അയോവ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണെന്ന് സർവ്വകലാശാല പ്രസിഡൻ്റ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പ്രാദേശിക സമയം പുലർച്ചെ 1:46 ഓടെ ഒരു വലിയ സംഘം ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് കോളേജ് സ്ട്രീറ്റും സെൻ്റ് ക്ലിൻ്റ്ൺ സ്ട്രീറ്റും ചേരുന്ന കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരുക്കേറ്റവർക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി ആശുപത്രിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പരിക്കേറ്റ വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സർവ്വകലാശാല പ്രസിഡൻ്റ് ബാർബ് വിൽസൺ പറഞ്ഞു. ഈ ആഘാതത്തിൽ കഴിയുന്ന സർവ്വകലാശാല സമൂഹത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ വ്യക്തമാക്കി.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വലിയൊരു സംഘം ആളുകൾ തമ്മിൽ ഏറ്റുമുട്ടുന്നതും വെടിയൊച്ച കേട്ട് ഭയന്നോടുന്നതും കാണാം. അയോവ ഗവർണർ കിം റെയ്നോൾഡ്സ് സംഭവത്തെ അപലപിച്ചു. ഇതൊരു അർത്ഥശൂന്യമായ അക്രമമാണെന്നും അന്വേഷണത്തിനായി സംസ്ഥാനത്തിൻ്റെ എല്ലാവിധ സജ്ജീകരണങ്ങളും വിട്ടുനൽകുമെന്നും അവർ അറിയിച്ചു. പരുക്കേറ്റവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

നിലവിൽ അയോവ സിറ്റി പൊലീസും ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ പ്രദേശം ഒഴിവാക്കാൻ പൊലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Shooting near University of Iowa in US: Five people, including three students, injured

More Stories from this section

family-dental
witywide