മുംബൈയിൽ സിജെപി പ്രതിഷേധത്തിന് പിന്തുണ; നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ 400ലധികം പേർ കസ്റ്റഡിയിൽ

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടത്തിയ പ്രകടനങ്ങളിൽ നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ 400ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാത്ത ഒത്തുചേരലുകൾ തടയുന്നതിനായി ഓഗസ്റ്റ് ക്രാന്തി മൈതാനത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു നടപടി.

മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഹം ഭാരത് കേ ലോഗ്’ സംഘടനയിലെ അംഗങ്ങളും സിപിഐഎം പ്രവർത്തകരും ഉൾപ്പെടെ 200ഓളം പേരെ നേരത്തെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയിൽ സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഇവർ അനുമതിയില്ലാതെയാണ് ഒത്തുചേർന്നത്. കസ്റ്റഡിയിലെടുത്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പ്രകാശ് അംബേദ്കർ നയിക്കുന്ന വഞ്ചിത് ബഹുജൻ അഘാഡിയുടെ പ്രവർത്തകരെയും സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയുമായി ദക്ഷിണ മുംബൈയിലെ ഹുതാത്മ ചൗക്കിന് സമീപം പ്രകടനം നടത്തുന്നതിനിടെ കസ്റ്റഡിയിലെടുത്തു.

തുഷാർ ഗാന്ധിയെ ബാന്ദ്രയിൽനിന്ന് കസ്റ്റഡിയിലെടുത്ത് ഡി.എൻ. നഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇതറിഞ്ഞ് നിരവധി പേർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. വൈകിട്ട് 3.30ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് തുഷാർ ഗാന്ധി എക്സിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു.

അതേസമയം,ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഓഗസ്റ്റ് ക്രാന്തി മൈതാനം അംഗീകൃത പ്രതിഷേധവേദിയല്ലെന്നും ക്രമസമാധാനം ഉറപ്പാക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്നും അധികൃതർ അറിയിച്ചു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്.ഐ.ആർ) നടപടിക്കിടെ പട്ടികയിൽ കൃത്രിമം നടത്തിയെന്നും വോട്ടർ രജിസ്ട്രേഷനുള്ള ഫോം ആറ് സംബന്ധിച്ച മാറ്റങ്ങൾ വരുത്തിയെന്നും ആരോപിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Support for CJP protest in Mumbai; More than 400 people including actor Imran Khan in custody

More Stories from this section

family-dental
witywide