
ബ്രസൽസ്: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ കോടികളുടെ അധികലാഭം കൊയ്യുന്ന എണ്ണക്കമ്പനികൾക്ക് മേൽ വിൻഡ്ഫോൾ ടാക്സ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രംഗത്ത്. ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ എന്നീ ആറ് പ്രമുഖ ഇയു അംഗരാജ്യങ്ങളാണ് എണ്ണക്കമ്പനികൾക്ക് മേൽ അടിയന്തിരമായി പ്രത്യേക നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് യൂറോപ്യൻ യൂണിയൻ അധ്യക്ഷ പദവി വഹിക്കുന്ന അയർലൻഡിന്റെ ധനകാര്യ മന്ത്രിക്ക് ഈ രാജ്യങ്ങളിലെ ധനമന്ത്രിമാർ സംയുക്തമായി കത്തയച്ചു. വരും പതിറ്റാണ്ടുകളിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലൂടെയും ജീവിതച്ചെലവ് വർദ്ധനവിലൂടെയുമാണ് ജനങ്ങൾ കടന്നുപോകുന്നത്. എന്നാൽ അസംസ്കൃത എണ്ണവിലയിലുണ്ടായ വർദ്ധനവിനേക്കാൾ വലിയ തോതിലുള്ള ലാഭവിഹിതവും മാർജിനുമാണ് പ്രമുഖ എണ്ണക്കമ്പനികൾ സ്വന്തമാക്കുന്നത്.
യുദ്ധ സാഹചര്യങ്ങളും വിപണിയിലെ തടസ്സങ്ങളും ചൂഷണം ചെയ്ത് എണ്ണക്കമ്പനികൾ ഉണ്ടാക്കുന്ന അധികലാഭത്തിന്റെ ഒരു വിഹിതം വിൻഡ്ഫോൾ ടാക്സിലൂടെ കണ്ടുകെട്ടണമെന്നും, ഈ തുക ഉപയോഗിച്ച് ജീവിതച്ചെലവ് വർദ്ധനവിൽ വലയുന്ന സാധാരണക്കാർക്കും ഉപഭോക്താക്കൾക്കും അടിയന്തിര ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നുമാണ് ഇയു രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. അടുത്ത മാസം ഡബ്ലിനിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ ഉച്ചകോടിയിൽ ഈ വിഷയം പ്രധാന അജണ്ടയായി ചർച്ച ചെയ്യുമെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു. 2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധമുണ്ടായപ്പോഴും സമാനമായ രീതിയിൽ യൂറോപ്യൻ യൂണിയൻ അടിയന്തിര വിൻഡ്ഫോൾ ടാക്സ് നടപ്പിലാക്കിയിരുന്നു.















