
കീവ്: യുഎസ് നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും മേഖല സന്ദർശിച്ച് സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമം നടത്തിയതിന് തൊട്ടുപിന്നാലെ, യുക്രൈൻ തലസ്ഥാനമായ കീവിൽ കടുപ്പിച്ച മിസൈൽ-ഡ്രോൺ ആക്രമണവുമായി റഷ്യ. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ ആഭ്യന്തര മന്ത്രി ഇവാൻ വിഹിവ്സ്കി വ്യക്തമാക്കി. യുഎസ് പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ ആക്രമണ വിരാമം അവസാനിച്ചതിന് പിന്നാലെയാണ് ശക്തമായ സ്ഫോടനങ്ങൾ മുഴങ്ങിയത്.
യുക്രൈന്റെ സൈനിക-വ്യവസായ മേഖലകൾ, ലോജിസ്റ്റിക് കേന്ദ്രങ്ങൾ, സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ട് കരയിൽ നിന്നും വായുവിൽ നിന്നും കൃത്യതയാർന്ന ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ജനങ്ങൾക്ക് പരമാവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ ആസൂത്രണം ചെയ്ത സങ്കീർണ്ണമായ ആക്രമണമാണിതെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പ്രതികരിച്ചു.
തലസ്ഥാനത്തെ ജനവാസ കെട്ടിടങ്ങൾക്കും മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. സോളോമിയാൻസ്കി ജില്ലയിലെ തകർന്ന അഞ്ചുനില കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ഇതിന് പുറമെ ഓഡെസ മേഖലയിലെ മാർക്കറ്റിലും ഖാർകിവിലെ പാർപ്പിട സമുച്ചയത്തിലും റഷ്യൻ ആക്രമണം നടന്നു.













