
അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേൽ കുടിയേറ്റത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ സാമ്പത്തിക നിയന്ത്രണങ്ങളും ഉപരോധങ്ങളും പ്രഖ്യാപിക്കാൻ യുകെ ഒരുങ്ങുന്നു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ വ്യാപാര നിരോധനവും അധിനിവേശ പ്രദേശങ്ങളിലെ നിർമാണങ്ങൾക്ക് സഹായിക്കുന്ന കമ്പനികൾക്കെതിരെയുള്ള നടപടികളുമാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. ഇതിന്റെ സാമ്പത്തിക ആഘാതം പരിമിതമാണെങ്കിലും രാഷ്ട്രീയമായി കടുത്ത സന്ദേശമാണ് ഈ നീക്കം നൽകുന്നത്. യുകെയ്ക്ക് പുറമെ മറ്റു നിരവധി യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനെതിരെ സമാനമായ ഉപരോധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ സെപ്റ്റംബർ 22 മുതൽ ഡച്ച് സർക്കാരിന്റെ നിരോധനം പ്രാബല്യത്തിൽ വരാനിരിക്കെ അയർലൻഡ്, ബെൽജിയം എന്നീ രാജ്യങ്ങളും ഉപരോധ നടപടികളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വർഷം സമാനമായ നടപടികൾ സ്വീകരിച്ച സ്പെയിൻ, പിന്നീട് പൂർണ്ണമായ ആയുധ ഉപരോധം ഏർപ്പെടുത്തി ഇസ്രയേലിനെതിരെയുള്ള നിലപാട് കടുപ്പിച്ചിരുന്നു. ഇതിനുപുറമേ, ഇസ്രയേലിനെതിരെ കൂടുതൽ യോജിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ഫ്രാൻസും സ്വീഡനും യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയും അംഗരാജ്യങ്ങൾക്കിടയിൽ ഇതിനുള്ള പിന്തുണ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജർമനിയും ചെക്ക് റിപ്പബ്ലിക്കും അടക്കമുള്ള ചില രാജ്യങ്ങൾ ഈ നീക്കങ്ങളെ എതിർക്കുന്നുണ്ട്.
ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യൻ യൂണിയന്റെ വ്യാപാര നയം രാജ്യത്തിന് നിർണായകമാണ്. കഴിഞ്ഞ വർഷത്തെ ഇസ്രയേലിന്റെ മൊത്തം ചരക്കു വ്യാപാരത്തിന്റെ 31.7 ശതമാനവും യൂറോപ്യൻ യൂണിയനുമായായിരുന്നു. ജറുസലേമിന് കിഴക്കുള്ള ഇ വൺ (E1) പ്രദേശത്ത് 1,200-ഓളം കുടിയേറ്റ ഭവനങ്ങൾ നിർമിക്കുന്നതിനായി ഇസ്രയേൽ ടെൻഡറുകൾ വിളിച്ചതിന് പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധ നീക്കങ്ങളുമായി ശക്തമായി മുന്നോട്ടുവന്നിരിക്കുന്നത്. ട്രംപിനും നെതന്യാഹുവിനും വലിയ തിരിച്ചടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
UK and European Nations Move to Impose Sanctions on Israel Over Illegal West Bank Settlements












