
ന്യൂഡൽഹി: യുവതലമുറയെയും ജന്തർ മന്തറിലെ പ്രതിഷേധക്കാരെയും ‘ജനറേഷൻ ഗട്ടർ’ എന്ന് വിളിച്ച് അധിക്ഷേപിച്ച ബി.ജെ.പി എം.പി കങ്കണ റണാവത്തിൻ്റെ പ്രസ്താവന തള്ളുകയോ കൊള്ളുകയോ ചെയ്യാതെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കങ്കണയുടെ വാക്കുകളെ ന്യായീകരിക്കാനോ പരസ്യമായി വിമർശിക്കാനോ മുതിരാതിരുന്ന സ്മൃതി ഇറാനി, നരേന്ദ്ര മോദി സർക്കാരിൻ്റെ സ്ത്രീ ശാക്തീകരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വിവാദങ്ങളിൽ നിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറിയത്. ഇന്ത്യ ടുഡേ ടെലിവിഷന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
തൻ്റെ സഹപ്രവർത്തക പലതവണ സ്വന്തം നിലപാട് വ്യക്തമാക്കിയതാണെന്നും, അതിനാൽ സംഘടനയിലെ ഒരു സഹപ്രവർത്തകയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഒരാൾ പറഞ്ഞ കാര്യത്തിൻ്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്ത്രീകൾക്കായി ചെയ്ത വലിയ സംഭാവനകളെ കാണാതെ പോകരുതെന്നും അവർ വാദിച്ചു.
ലിംഗസമത്വത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രിയാണെന്ന് സ്മൃതി ഇറാനി ഓർമ്മിപ്പിച്ചു. 2023-ൽ പാർലമെൻ്റ് ഏകകണ്ഠമായി പാസാക്കിയ 33 ശതമാനം വനിതാ സംവരണ ബിൽ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് വലിയ മുന്നേറ്റം നൽകി. ഇതിന് പുറമെ 25 കോടി ഇന്ത്യൻ സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറന്നു നൽകിയതും, സ്ത്രീകൾക്കായി മാത്രം 11 കോടി ശൗചാലയങ്ങൾ നിർമ്മിച്ചതും മോദി സർക്കാരിൻ്റെ ചരിത്രപരമായ നേട്ടങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധക്കാരുടെ മനോഭാവത്തെ ‘ഗട്ടർ’ (ഓട) എന്ന് കങ്കണ റണാവത്ത് വിശേഷിപ്പിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയർന്നിരുന്നു. സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരും കങ്കണയ്ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടൻ സോനു സൂദും കങ്കണയുടെ പ്രസ്താവനയെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടിയിലെ മുതിർന്ന നേതാവായ സ്മൃതി ഇറാനിയുടെ നിലപാട് ശ്രദ്ധേയമാകുന്നത്.
Smriti Irani cleverly dodges Kangana’s ‘Generation Gutter’ controversy















