വമ്പൻ തിരിച്ചുവരവുമായി സ്മൃതി ഇറാനി, ഇനി ബിജെപിയുടെ 8 ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാൾ; ആർഎസ്എസ് ചിന്തകൻ രാം മാധവ് ദേശീയ ഉപാധ്യക്ഷൻ

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവത്വവും ഒരുപോലെ കോർത്തിണക്കിക്കൊണ്ട് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പുതിയ സംഘത്തെ പ്രഖ്യാപിച്ചത്. വനിതകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പുതിയ ടീമിന്റെ രൂപീകരണം.

എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. പ്രമുഖ ആർഎസ്എസ് ചിന്തകൻ രാം മാധവ് പാർട്ടി ദേശീയ ഉപാധ്യക്ഷനായി ചുമതലയേൽക്കും. വസുന്ധര രാജെ സിന്ധ്യ, തീരഥ് സിങ് റാവത്ത്, ബൈജയന്ത് ജയ് പാണ്ഡെ, ആന്ധ്രാപ്രദേശിൽ നിന്നുള്ള ഡി. പുരന്ദേശ്വരി എന്നിവരടക്കം 13 ദേശീയ ഉപാധ്യക്ഷന്മാരെയും 16 ദേശീയ സെക്രട്ടറിമാരെയുമാണ് ബിജെപി നിയമിച്ചിട്ടുള്ളത്.

പാർട്ടി ഭാരവാഹികളിൽ 40 ശതമാനത്തോളം പേർ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവരാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് നാഗാലാൻഡിൽ നിന്നുള്ള രാജ്യസഭാ എംപി ഫാംഗ്നോൺ കൊന്യാക്, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേവ് എന്നിവരെ ദേശീയ ജനറൽ സെക്രട്ടറിമാരായി നിയമിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള എം. വെങ്കടേശനെ ദേശീയ സെക്രട്ടറിയാക്കിയപ്പോൾ പ്രൊഫസർമാർ, ഡോക്ടർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കും പുതിയ നിരയിൽ ഇടം ലഭിച്ചിട്ടുണ്ട്.

പുതിയ ഭാരവാഹികളെ ബിജെപി അധ്യക്ഷൻ നിതിൻ നബീൻ അഭിനന്ദിച്ചു. അനുഭവസമ്പത്തും ഊർജ്ജസ്വലതയും നിറഞ്ഞ ഈ പുതിയ നിര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗ്ഗനിർദേശപ്രകാരം പാർട്ടിക്ക് പുതിയ വേഗത നൽകുമെന്നും, ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിനായി സമർപ്പിത മനോഭാവത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

More Stories from this section

family-dental
witywide