
സിൻസിനാറ്റി: കയ്പ്പുള്ള മരുന്നുകളും കുത്തിവയ്പ്പുകളുടെ വേദനയും നിറഞ്ഞ ആശുപത്രിയിലെ മടുപ്പിക്കുന്ന ദിനങ്ങളെ കളിച്ചിരികളാൽ നിറയ്ക്കാൻ ഒരു കൂട്ടം ‘സ്പെഷ്യൽ ഡോക്ടർമാർ’ എത്തിയിരിക്കുന്നു; വാൽ ആട്ടിയും സ്നേഹത്തോടെ മുട്ടിയുരുമ്മിയും കുട്ടികളെ വേദന മറക്കാൻ സഹായിക്കുന്ന ‘ഫെസിലിറ്റി നായ്ക്കൾ’. അമേരിക്കയിലെ സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ശിശുരോഗ ആശുപത്രികളിലാണ്, കേവലം സന്ദർശകരെന്നതിലുപരി മുഴുവൻ സമയ ജീവനക്കാരായി ഈ നായ്ക്കൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. സാധാരണ വോളൻ്റിയർ തെറാപ്പി നായ്ക്കളിൽ നിന്ന് വ്യത്യസ്തമായി, കഠിനമായ പ്രത്യേക പരിശീലനം ലഭിച്ചവയാണ് ഈ ഫെസിലിറ്റി നായ്ക്കൾ. അതുകൊണ്ട് തന്നെ ആശുപത്രികളിലെ അതീവ സുരക്ഷാ വിഭാഗങ്ങളിൽ പ്രവേശിക്കാനും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ചികിത്സാ ഘട്ടങ്ങളിൽ കുട്ടികൾക്ക് ഒപ്പം തുടരാനും ഇവയ്ക്ക് അനുമതിയുണ്ട്.

നായ്ക്കളുമായുള്ള ചെറിയ ഇടപെടലുകൾ പോലും കുട്ടികളിലെ മാനസികസമ്മർദ്ദവും ശാരീരിക വേദനയും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അപരിചിതമായ ആശുപത്രി അന്തരീക്ഷത്തോട് പൊരുത്തപ്പെടാനും കുട്ടികളെ ഇത് സഹായിക്കുന്നുണ്ട്. സിൻസിനാറ്റി ആശുപത്രിയിലെ ‘ഹാഡ്‌ലി’ എന്ന നായ ഇന്ന് അവിടുത്തെ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. പ്രയാസമേറിയ മെഡിക്കൽ പരിശോധനകളിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകാനും, അവരെ നടക്കാനും കളിക്കാനും പ്രോത്സാഹിപ്പിക്കാനും ഹാഡ്‌ലി മുന്നിലുണ്ട്.

ആശുപത്രി മുറികൾക്ക് പുറത്തും ഈ നായ്ക്കൾ വലിയ ജനപ്രീതിയാണ് നേടുന്നത്. ആശുപത്രി ഇടനാഴികളിലെ ഇവയുടെ ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികളിലെ സാന്നിധ്യം എന്നിവ ഇതിന് തെളിവാണ്. കുട്ടികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കൾക്ക് കത്തുകളും ചിത്രങ്ങളും വരച്ച് അയക്കാൻ പ്രത്യേക മെയിൽ ബോക്സുകൾ വരെ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഇത്തരം ഫെസിലിറ്റി നായ്ക്കളുടെ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ തീരുമാനം.
Specially trained ‘facility dogs’ are on the scene to comfort children during tiring days in the hospital.















