ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ പതറില്ല, അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ; ‘ഇറാൻ യുദ്ധത്തിൽ പങ്കാളികളാകില്ല’

ലണ്ടൻ: ഇറാൻ വിഷയത്തിൽ അമേരിക്കയുമായി സഹകരിക്കാത്തതിന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വിമർശനങ്ങൾ തള്ളിക്കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രംഗത്ത്. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ബ്രിട്ടൻ പങ്കുചേരില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസിൽ ഇന്ന് പ്രഖ്യാപിച്ചു. ഇറാൻ യുദ്ധത്തിൽ തങ്ങൾ വലിച്ചിഴയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം എംപിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഊർജ്ജ, കുടിയേറ്റ നയങ്ങളെ ട്രംപ് പരിഹസിച്ചിരുന്നു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാൾ മോശമാണെന്ന തരത്തിലും ട്രംപ് സംസാരിച്ചു. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി ബ്രിട്ടന്റെ സൈനിക താവളങ്ങൾ വിട്ടുനൽകാൻ സ്റ്റാമർ വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം സൈനിക നീക്കങ്ങളിൽ സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടൻ.

ഇത് ബ്രിട്ടന്റെ യുദ്ധമല്ലെന്നും നിലപാട് മാറ്റാൻ തന്റെ മേൽ വലിയ സമ്മർദ്ദമുണ്ടെന്നും സ്റ്റാമർ പാർലമെന്റിൽ തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പരാമർശങ്ങൾ ഈ സമ്മർദ്ദത്തിന്റെ ഭാഗമാണെന്നും എന്നാൽ ദേശീയ താത്പര്യം മുൻനിർത്തി താൻ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ട്രംപിന്റെ പരാമർശങ്ങൾ തള്ളിക്കൊണ്ട് ഡൗണിംഗ് സ്ട്രീറ്റ് വക്താവും രംഗത്തെത്തി. വ്യാപാര മേഖലയിലുൾപ്പെടെ അമേരിക്കയുമായുള്ള ചർച്ചകൾ എല്ലാ ദിവസവും തുടരുന്നുണ്ടെന്നും പതിറ്റാണ്ടുകളായുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ‘പ്രത്യേക ബന്ധം’ സുശക്തമായി തുടരുമെന്നും വക്താവ് വ്യക്തമാക്കി.

More Stories from this section

family-dental
witywide