ഹോർമുസ് കടലിടുക്ക് സംഘർഷം; ഇറാന്റെ മറുപടി കാത്ത് അമേരിക്ക

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശത്തിന് ഉടൻ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിൽ യുഎസ് ഭരണകൂടം. അതേസമയം ഹോർമുസ് കടലിടുക്കിൽ അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ഒരു മാസമായി തുടരുന്ന വെടിനിർത്തൽ കൂടുതൽ അനിശ്ചിതത്വത്തിലായി.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഇറാനിലേക്ക് അയച്ച നിർദേശത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇറാനിയൻ തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം അടുത്ത മാസം അവസാനിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകളുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ നിർദേശം ഇറാൻ അംഗീകരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഇറാന്റെ മറുപടിയായി “പരിശോധനയിലാണ്” എന്ന് മാത്രമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായീ അറിയിച്ചത്. എന്നാൽ മറുപടി എപ്പോൾ നൽകുമെന്ന കാര്യത്തിൽ സമയപരിധി വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, “ ഇന്നറിയാമെന്ന്” ഇറാന്റെ മറുപടി ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഇറാൻ മനപ്പൂർവം നടപടികൾ വൈകിപ്പിക്കുകയാണോയെന്ന ചോദ്യത്തിന് “അത് ഉടൻ അറിയാം” എന്നായിരുന്നു മറുപടി.

ഒരു പേജുള്ള ഈ സമാധാന നിർദേശം അംഗീകരിക്കപ്പെട്ടാൽ 10 ആഴ്ചയായി തുടരുന്ന യുദ്ധത്തിന് വിരാമമാകുമെന്നാണ് വിലയിരുത്തൽ. മിഡിൽ ഈസ്റ്റിലുടനീളം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ആഗോള ഇന്ധനവില കുത്തനെ ഉയരുന്നതിനും കാരണമായ യുദ്ധമാണിത്. എന്നിരുന്നാലും ഇറാന്റെ ആണവപരിപാടിയെ കുറിച്ചുള്ള അന്തിമ കരാറിനായി ഇരു രാജ്യങ്ങളും തുടർചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

വെടിനിർത്തൽ പാലിക്കണമെന്ന് യുഎൻ

ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വെടിവെപ്പ് നടന്നെന്ന റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ വിഭാഗങ്ങളും പരമാവധി നിയന്ത്രണം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നയതന്ത്ര ശ്രമങ്ങളെ ബാധിക്കുന്നതോ വീണ്ടും സംഘർഷം വർധിപ്പിക്കുന്നതോ ആയ നടപടികൾ ഒഴിവാക്കണമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് അറിയിച്ചു.

പുതിയ നിയമങ്ങളുമായി ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കായി ഇറാൻ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ പാലിക്കാത്ത കപ്പലുകൾക്ക് ആക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പും നൽകി.

പുതുതായി രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി (PGSA) വഴി കപ്പൽ കമ്പനികൾക്ക് ഇമെയിൽ മുഖേന നിർദേശങ്ങൾ കൈമാറിയതായാണ് റിപ്പോർട്ട്. കടലിടുക്ക് കടക്കുന്നതിന് മുമ്പ് എല്ലാ കപ്പലുകളും പ്രത്യേക അനുമതി നേടേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള ഉപരോധ-സംഘർഷത്തിന്റെ കേന്ദ്രമായി തുടരുകയാണ്. ഇതോടെ ആഗോള എണ്ണവിതരണ രംഗത്ത് വലിയ പ്രതിസന്ധി രൂപപ്പെട്ടതായും ഊർജവിലകൾ കുത്തനെ ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം

ഇതിനിടെ, ഒമാൻ ഉൾക്കടൽ വഴി ഇറാനിയൻ തുറമുഖത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് ഇറാൻ പതാകയുള്ള എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയും ഇറാനിയൻ സേനയും തമ്മിൽ “ഇടയ്ക്കിടെയുള്ള ഏറ്റുമുട്ടലുകൾ” നടന്നതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസും റിപ്പോർട്ട് ചെയ്തു.

Strait of Hormuz conflict; America awaits Iran’s response

More Stories from this section

family-dental
witywide