ബ്രിട്ടീഷ് പാർലമെന്റിൽ യുകെ മലയാളികൾക്കായി ആത്മഹത്യാ പ്രതിരോധ ഹെൽപ്പ്ലൈൻ; ‘കേൾക്കാം’ ന് തുടക്കമായി

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് യുകെയിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ മുഹൂർത്തങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചു. ‘കേൾക്കാം ആത്മഹത്യാ പ്രതിരോധ ക്യാമ്പയിൻ’ (Kelkkaam Suicide Prevention Campaign) ഔദ്യോഗികമായി യുകെയിലുള്ള അഞ്ച് ലക്ഷത്തോളം വരുന്ന മലയാളികൾക്കായി ആരംഭിച്ചു. 2026 ജൂൺ 2 ചൊവ്വാഴ്ച വെസ്റ്റ്മിൻസ്റ്ററിലെ ഹൗസ് ഓഫ് കോമൺസിലെ കമ്മിറ്റി റൂം 15-ൽ വെച്ചായിരുന്നു ചരിത്രപരമായ ഈ പ്രഖ്യാപനം.

നാട്ടിൽ നിന്നും വിട്ടുനിൽക്കുന്ന പ്രവാസികൾക്ക് അവരുടെ തനതായ സാംസ്‌കാരിക പശ്ചാത്തലത്തിൽ മാനസികാരോഗ്യ പിന്തുണ നൽകുന്ന യുകെയിലെ ആദ്യത്തെ ഹെൽപ്പ്ലൈനുകളിൽ ഒന്നാണിത്. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി അംഗവും അക്‌സ്ബ്രിഡ്‌ജ് ആൻഡ് സൗത്ത് റൂയിസ്ലിപ്പ് എംപിയുമായ ഡാനി ബീൽസ് (Danny Beales MP) ആണ് പാർലമെന്റിൽ ഈ ചരിത്രപരമായ ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.

“ആത്മഹത്യ വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ആഘാതം പറഞ്ഞറിയിക്കാനാവാത്തതാണ്. എന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ, ഇത്തരം മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇന്ത്യയിലെ മലയാളികൾക്കിടയിലെ ആത്മഹത്യാ നിരക്ക് പൊതുജനങ്ങളേക്കാൾ വളരെ കൂടുതലാണെന്നിരിക്കെ, ‘കേൾക്കാം’ മുന്നോട്ടുവെക്കുന്ന ദൗത്യം ഏറെ പ്രശംസനീയമാണ്,” എന്ന് ഡാനി ബീൽസ് എംപി പറഞ്ഞു.

യുകെ മലയാളിയായ അഷ്ഫോർഡ് എംപിയും മുൻ എൻഎച്ച്എസ് (NHS) മാനസികാരോഗ്യ നഴ്സുമായ സോജൻ ജോസഫ്, സൗത്ത്വാർക്ക് മേയർ സുനിൽ ചോപ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ പിന്തുണ അറിയിച്ചു. കേൾക്കാം’ ഫൗണ്ടറും ചാർട്ടേഡ് സൈക്കോളജിസ്റ്റുമായ ഡോ. ജെസ്ന തോട്ടിയാൻ ജോണി തൻ്റെ 18 വർഷത്തെ ക്ലിനിക്കൽ അനുഭവസമ്പത്തുമായാണ് ഈ യുകെ ക്യാമ്പയിന് നേതൃത്വം നൽകുന്നത്. ഗ്ലോബൽ പ്രൊജക്‌ട് ഹെഡ് ദീപക് ഡൊമിനിക് ചവിടാൻ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്ട്രാറ്റജി ആൻഡ് പ്ലാനിംഗ് മാനേജർ അൻസി കൃഷ്ണൻ, ഐടി ഹെഡ് മുരളി കൃഷ്ണ‌ൻ, കേൾക്കാം പാട്രൺ ഷാൻ ഹാൻസ്റോഡ് എന്നിവർ ഈ അന്താരാഷ്ട്ര ക്യാമ്പയിന് ചുക്കാൻ പിടിച്ചു.

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രശസ്‌ത ജീവകാരുണ്യ പ്രവർത്തകനുമായ റവ. ഫാ. ഡേവിസ് ചിറമ്മൽ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. തന്റെ അവയവദാന ക്യാമ്പയിനുകളെ ഓർമ്മിപ്പിച്ച അദ്ദേഹം, മാനസികാരോഗ്യ പിന്തുണയിലൂടെ ജീവൻ രക്ഷിക്കുന്ന ‘കേൾക്കാം’ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം ചടങ്ങിന് ആഗോളതലത്തിലുള്ള ജീവകാരുണ്യ മുഖം നൽകി. ഒരുമിച്ച് കേൾക്കാം, ഒരുമിച്ച് കരുതലേകാം, ഒരുമിച്ച് ജീവനുകൾ രക്ഷിക്കാം.”

Suicide prevention helpline for UK Malayalees launched in British Parliament; ‘Kelkkam’ launched

More Stories from this section

family-dental
witywide