ഇന്ത്യൻ വിദ്യാർത്ഥികളെയും ​ഗുരുതരമായി ബാധിച്ചേക്കും, വിസ നിയമങ്ങൾ കർശനമാക്കി യുകെ; പ്രവേശന വാഗ്ദാനങ്ങൾ പിൻവലിച്ച് സർവകലാശാലകൾ

ലണ്ടൻ: യുകെ ഹോം ഓഫീസിന്റെ പുതിയതും കർശനവുമായ സ്റ്റുഡന്റ് വിസ ചട്ടങ്ങളെത്തുടർന്ന് ബ്രിട്ടീഷ് സർവകലാശാലകൾ വിദ്യാർത്ഥികൾക്ക് നൽകിയ കോഴ്സ് ഓഫറുകൾ കൂട്ടത്തോടെ പിൻവലിക്കുന്നതായി ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്. വിസ നിരസിക്കൽ നിരക്ക് ഉയർന്ന രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് പല സർവകലാശാലകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സർവകലാശാലകളിൽ നിന്ന് അഡ്മിഷൻ ഓഫർ ലഭിക്കുന്ന വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ 5 ശതമാനത്തിലധികത്തിന്റെ അനുമതി നിഷേധിക്കപ്പെട്ടാൽ, ആ സ്ഥാപനങ്ങൾക്ക് വിദേശ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മുൻ ഇത് 10 ശതമാനമായിരുന്നു. ഈ കർശനമായ പരിധി പാലിക്കുന്നതിനാണ് സർവകലാശാലകൾ മുൻകൂട്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. ചില രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളിൽ വിസ നിരസിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് സർവകലാശാലകൾ സ്വന്തം നിലയിൽ അഡ്മിഷൻ ഓഫറുകൾ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നുണ്ട്.

പാകിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ, വിസ അപേക്ഷ പിൻവലിക്കപ്പെട്ടതോ റദ്ദാക്കപ്പെട്ടതോ ആയ അനുപാതം മുൻവർഷത്തെ 1.2 ശതമാനത്തിൽ നിന്ന് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 5.2 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും യുകെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പൂർണ്ണമായ വിലക്കേർപ്പെടുത്തിയിട്ടില്ല. വിസ നടപടികൾ പ്രവചനാതീതമായി മാറിയതും കർശനമായ ചട്ടങ്ങളും കാരണം യഥാർത്ഥത്തിൽ അർഹതയുള്ള വിദ്യാർത്ഥികൾക്ക് പോലും അവസരങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടെന്ന് സർവകലാശാലകളുടെ പ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റ നിയമങ്ങളുടെ സുതാര്യത ഉറപ്പാക്കാനാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഹോം ഓഫീസിന്റെ വിശദീകരണം. എങ്കിലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തെ ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

Also Read

More Stories from this section

family-dental
witywide