ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഭാര്യ പായൽ അബ്ദുല്ലയും തമ്മിലുള്ള ദീർഘകാലത്തെ വിവാഹബന്ധം വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെ പിരിയാൻ ഇരുവിഭാഗവും തീരുമാനിച്ചതായി സുപ്രീംകോടതിയെ അറിയിച്ചു. അനുരഞ്ജന ചർച്ചകൾക്കൊടുവിൽ ഇരുവരും സമർപ്പിച്ച സംയുക്ത ഹർജി പരിഗണിച്ച് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഒമർ അബ്ദുല്ലയ്ക്കായി സുപ്രീംകോടതിയിൽ ഹാജരായത്. ഇരുവരും സ്വാതന്ത്ര്യം പുൽകിയെന്നും കേസ് അന്തിമമായി തീർപ്പാക്കിയെന്നും കപിൽ സിബൽ കോടതിയെ ബോധിപ്പിച്ചു. പരസ്പരം നൽകിയിട്ടുള്ള മറ്റ് എല്ലാ കേസുകളും ഹർജികളും പിൻവലിക്കാൻ ഇരുവിഭാഗവും തീരുമാനിച്ചതോടെ വർഷങ്ങളായി നിലനിന്നിരുന്ന നിയമതർക്കങ്ങൾക്കാണ് വിരാമമായത്.
1994 സെപ്റ്റംബറിലായിരുന്നു ഒമർ അബ്ദുല്ലയുടെയും പായലിന്റെയും വിവാഹം. 2009 മുതൽ ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. കുടുംബകോടതിയും ഡൽഹി ഹൈക്കോടതിയും നേരത്തെ ഹർജി തള്ളിയതിനെ തുടർന്നാണ് ഒമർ അബ്ദുല്ല സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്.
Supreme Court Grants Divorce to J&K CM Omar Abdullah and Payal Abdullah After 17-Year Dispute













