
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വികസന വേഗത അതിശയകരവും എന്നാൽ അത്യന്തം ആശങ്കാജനകവുമാണെന്ന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. വ്യവസായ പ്രമുഖരെ പങ്കെടുപ്പിച്ച് താൻ വിളിച്ചുചേർത്ത എഐ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകിയ വേളയാകും മുമ്പ് എഐ നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്താൻ വ്യവസായ പ്രമുഖർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സാങ്കേതികവിദ്യകൾ തെറ്റായ കൈകളിൽ എത്തിച്ചേരുന്നതും ദുരന്തകരമായ രീതിയിൽ ഉപയോഗിക്കപ്പെടപ്പെടുന്നതും മൂലമുള്ള നിലനിൽപ്പിന്റെ ഭീഷണികളെക്കുറിച്ച് കൃത്യമായി ചിന്തിക്കേണ്ട അടിയന്തര ആവശ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് വളരെ വൈകിപ്പോകുന്നതിന് മുൻപ് തന്നെ മതിയായ നിയന്ത്രണ മാർഗ്ഗങ്ങൾ നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചില വ്യവസായ പ്രമുഖരുടെയും വിസിൽബ്ലോവർമാരുടെയും ഭാഗത്തുനിന്നും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നതിനിടയിലാണ് രാജാവിന്റെ ഈ പരാമർശങ്ങൾ. വൈദ്യശാസ്ത്ര രംഗത്ത് എഐ നൽകുന്ന അപാരമായ സാധ്യതകളെ അംഗീകരിച്ച അദ്ദേഹം, സാങ്കേതികവിദ്യ എങ്ങനെ നന്മയ്ക്കായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഉച്ചകോടിയിൽ പങ്കെടുത്തവരോട് അഭ്യർത്ഥിച്ചു.
രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാതെ മാറിനിൽക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥരായ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ സങ്കീർണ്ണമായ നയപരമായ വിഷയങ്ങളിൽ അതീവ ജാഗ്രതയോടെയാണ് ഇടപെടാറുള്ളത്. പ്രശ്നങ്ങൾക്ക് വെളിച്ചം വീശാൻ അവർക്ക് കഴിയുമെങ്കിലും പരിഹാരങ്ങൾ നിർദ്ദേശിക്കാൻ അവർ സാധാരണയായി മുതിരാറില്ല. ഇതിന്റെ ഭാഗമായി എഐ ലോകത്തേക്ക് ഒരു ഒരു സംഘാടകൻ എന്ന നിലയിലാണ് ചാൾസ് രാജാവ് പ്രവേശിച്ചിരിക്കുന്നത്. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയ്ക്ക് സമീപമുള്ള ഡംഫ്രിസ് ഹൗസിൽ വെച്ചാണ് എഐ കമ്പനികൾ, സർക്കാർ, ചാരിറ്റി സംഘടനകൾ എന്നിവയിലെ ഉന്നതരെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ഈ ഉച്ചകോടി സംഘടിപ്പിച്ചത്.
ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ഫലപ്രദമായ ചർച്ചകൾ നടക്കുമെന്ന് ആശംസിച്ചുകൊണ്ട് 20 മിനിറ്റിനുള്ളിൽ അദ്ദേഹം മടങ്ങി. എൻവിഡിയ ചീഫ് എക്സിക്യൂട്ടീവ് ജെൻസൺ ഹുവാങ്, ഗൂഗിൾ ഡീപ് മൈൻഡ് സ്ഥാപകൻ ഡെമിസ് ഹസാബിസ്, വത്തിക്കാന്റെ എഐ ഉപദേഷ്ടാവ് പൗലോ ബെനാൻറി തുടങ്ങി എഐ ലോകത്തെ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ചൈനയും ഉച്ചകോടിയിൽ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കിയിരുന്നു. എഐ കമ്പനികൾ കൂടുതൽ കർശനമായ പരിശോധനകളും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ഉച്ചകോടിയിൽ വെച്ച് ജെൻസൺ ഹുവാങ് ബിബിസിയോട് പറഞ്ഞു.















