യുഎസ് ഉപരോധ ബിൽ സമാധാന ശ്രമങ്ങൾ തകർക്കും; ‘നരകതുല്യമായ നടപടി’യെന്ന് വിശേഷിപ്പിച്ച് റഷ്യ

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാടെടുക്കാൻ അമേരിക്കൻ ജനപ്രതിനിധി സഭ പുതിയ ബിൽ പാസാക്കിയതിന് പിന്നാലെ രൂക്ഷ മുന്നറിയിപ്പുമായി റഷ്യ. ജനപ്രതിനിധി സഭയുടെ ഈ നടപടി തികച്ചും അസൗഹൃദപരമാണെന്നും ‘നരകതുല്യമായ ഉപരോധ ബിൽ’ പ്രാബല്യത്തിൽ വരുന്നത് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കൻ നീക്കം സമാധാന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് മോസ്കോ നൽകുന്ന മുന്നറിയിപ്പ്.

‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന ഉപരോധ ബിൽ പ്രതിനിധി സഭ പാസാക്കിയത് വലിയ ഭൂരിപക്ഷത്തോടെയാണ്. നേരത്തെ യു.എസ്. സെനറ്റും അംഗീകരിച്ച ബില്ലിൽ ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും. റഷ്യൻ ഭരണനേതൃത്വത്തിനും അവരുടെ ഊർജ്ജ മേഖലയ്ക്കും ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം എണ്ണ വിതരണത്തിനെതിരെയുള്ള തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന കപ്പലുകളുടെ ‘ഷാഡോ ഫ്ലീറ്റി’ന് മേലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ബിൽ ലക്ഷ്യമിടുന്നു.

റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് കുറയ്ക്കാൻ പ്രധാന വ്യാപാര പങ്കാളികളായ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് പുതിയ നിയമനിർമ്മാണം. ഇതിന് പുറമെ ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. റഷ്യൻ ഊർജ്ജ മേഖലയെ പൂർണ്ണമായി തളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ കോൺഗ്രസ് ഇത്തരം കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.

US Russia Sanctions Bill Threatens Ukraine Peace Process, Warns Moscow

More Stories from this section

family-dental
witywide