നീറ്റ് പരീക്ഷാ വീഴ്ചകളിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; ഇങ്ങനെ മുന്നോട്ടുപോകാൻ അനുവദിക്കില്ല

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരീക്ഷാ ചോർച്ചയും ക്രമക്കേടുകളും ഇനിയും തുടരാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിർദേശിച്ചു. വിഷയത്തിൽ സുപ്രീം കോടതി സൂക്ഷ്മമായ നിരീക്ഷണം തുടരുമെന്നും വ്യക്തമാക്കി.

പരീക്ഷാ നടപടികൾ പൂർണമായും സുതാര്യവും സുരക്ഷിതവുമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ചും ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതിനെക്കുറിച്ചും കേന്ദ്രത്തോട് വിശദീകരണം തേടി.വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ സമഗ്രമായ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് കേസ് ജൂലൈ 27-ലേക്ക് മാറ്റി.

ഇതിനിടെ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ കർശന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ പരിഗണിച്ചേക്കും. സംഘടിതമായി പരീക്ഷാ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ നിലവിലുള്ളതിനേക്കാൾ കടുത്ത ശിക്ഷയും വൻതുക പിഴയും ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി 2024-ലെ പബ്ലിക് എക്‌സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ടിൽ ഭേദഗതി വരുത്തി നിയമം കൂടുതൽ ശക്തമാക്കാനാണ് നീക്കം.

Supreme Court sharply criticizes the Centre over NEET exam lapses.

More Stories from this section

family-dental
witywide