
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തുന്ന ഇറാൻ്റെ നടപടി “സാമ്പത്തിക ഭീകരത” ആണെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് കുറ്റപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്.
ഇറാൻ സാമ്പത്തിക ഭീകരതയുമായി മുന്നോട്ട് പോയാൽ തിരിച്ചും അതേ രീതിയിലുള്ള നടപടികൾ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് വാൻസ് പറഞ്ഞു. “ഇറാൻ സാമ്പത്തിക ഭീകരതയിലാണ് ഏർപ്പെടുന്നതെങ്കിൽ, ഒരു ഇറാനിയൻ കപ്പലും പുറത്തേക്ക് പോകില്ലെന്ന തത്വം അമേരിക്കയും നടപ്പിലാക്കും. ഈ കളിയിൽ രണ്ടുപേർക്കും പങ്കുചേരാനാകുമെന്ന് ഡോണാൾഡ് ട്രംപ് തെളിയിച്ചിട്ടുണ്ട്,” വാൻസ് വ്യക്തമാക്കി.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനുമായി ഇസ്ലാമാബാദിൽ വെച്ച് നടത്തിയ ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അറിയിച്ചു. എന്നാൽ ഇനി തീരുമാനമെടുക്കേണ്ടത് ഇറാനാണെന്നും പന്ത് ഇറാൻ്റെ കോർട്ടിലാണെന്നും വാൻസ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച നിർണ്ണായക വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്മേൽ അമേരിക്കയ്ക്ക് നിയന്ത്രണം വേണമെന്നും, ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള കൃത്യമായ പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ.
ഇറാൻ അയവുള്ള സമീപനം സ്വീകരിക്കുകയും ഈ വ്യവസ്ഥകൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ചർച്ചകൾ ഫലപ്രദമാകൂ എന്നും അമേരിക്കൻ വൈസ് പ്രസിഡൻ്റ് വ്യക്തമാക്കി.
The ball is in Iran’s court, American Vice President issues a stern threat













