
അധ്യക്ഷ സ്ഥാനം ശ്വേത മേനോനും ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ, താരസംഘടനയായ ‘അമ്മ’യെ നയിക്കാൻ അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പാലക്കാട് എം.എൽ.എ.യും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. ശ്വേതയുടെ രാജിയെത്തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
മുൻ മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. നാല് മാസമാണ് പുതിയ സമിതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ സംഘടനയിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള പൊതുതെരഞ്ഞെടുപ്പ് നടപടികളിലേക്ക് ‘അമ്മ’ കടക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ഭരണസമിതി ഒഴിഞ്ഞതോടെയുണ്ടായ അപ്രതീക്ഷിത പ്രതിസന്ധി മറികടക്കാനാണ് ഈ അടിയന്തര നീക്കം.
രമേഷ് പിഷാരടി – കൺവീനർ
കെ ബി ഗണേഷ് കുമാർ
സുരേഷ് കൃഷ്ണ
കൃഷ്ണ പ്രഭ
സാദിഖ്
ഡോക്ടർ റോനി
ആശ അരവിന്ദ്
കലാഭവൻ ഷാജോൺ
ദേവി ചന്ദന
നേരത്തെ, സംഘടനയ്ക്കുള്ളിൽ നടന്ന വലിയ ഗൂഢാലോചനയിലും അജണ്ടയിലും പ്രതിഷേധിച്ചാണ് താൻ അധ്യക്ഷ പദവിയും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതെന്ന് ശ്വേത മേനോൻ തുറന്നടിച്ചിരുന്നു. കുറ്റാരോപിതരായ ചിലരുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാനാണ് ചിലർ ശ്രമിച്ചതെന്നും പാവയായി ഇരിക്കാൻ തനിക്ക് കഴിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ട്രഷറർ ഉണ്ണി ശിവപാൽ മുങ്ങിയതും മുൻ കമ്മിറ്റിയിലെ ബാബുരാജിന്റെ പ്രവർത്തനങ്ങളുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ശ്വേത ആരോപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നിരിക്കുന്നത്.
Ramesh Pisharody to Head AMMA Ad-Hoc Committee Following Shwetha Menon’s Resignation En Masse












