
താരസംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വവും താൻ രാജിവെക്കുകയാണെന്ന് നടി ശ്വേത മേനോൻ പ്രഖ്യാപിച്ചു. താനടക്കമുള്ള 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് അവർ തുറന്നടിച്ചു. മുൻകൂട്ടി തയ്യാറാക്കിയ അജണ്ട പ്രകാരം ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ പുറത്താക്കാനാണ് ഒരു വിഭാഗം ശ്രമിച്ചതെന്നും അതിവൈകാരികമായി ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു.
കുറ്റാരോപിതരായ ചില ആളുകളുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് ജനറൽ ബോഡിയിൽ നടന്നത്. പാവകളെപ്പോലെ നിന്നാൽ മാത്രമേ സംഘടനയിൽ ഭരിക്കാൻ സാധിക്കൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ സ്വന്തം വ്യക്തിത്വം പണയം വെച്ച് പാവയാകാൻ തനിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് പൂർണ്ണമായും പടിയിറങ്ങുന്നതെന്നും ശ്വേത വ്യക്തമാക്കി. ഗൂഢാലോചനയുടെ കെണിയിൽ പെടുത്താൻ ശ്രമിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഭരണസമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ ആരെയും അറിയിക്കാതെ പെട്ടെന്ന് മുങ്ങിപ്പോയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്ന് ശ്വേത വെളിപ്പെടുത്തി. കഴിഞ്ഞ മേയ് ഒന്നിന് ഒരു ഇമെയിൽ പോലും അയക്കാതെയാണ് അദ്ദേഹം പോയത്. മുൻ കമ്മിറ്റിയിൽ ബാബുരാജ് ചെയ്ത പല കാര്യങ്ങളിലും കടുത്ത ക്രമക്കേടുകളുണ്ടെന്നും സംഘടനയുടെ അന്തസ്സ് ഓർത്ത് മാത്രമാണ് ഇതുവരെ പറയാതിരുന്നതെന്നും വ്യക്തമാക്കിയ ശ്വേത, വരും ദിവസങ്ങളിൽ ഇതെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുമെന്നും മുന്നറിയിപ്പ് നൽകി.
Shwetha Menon Quits AMMA Membership Following Executive Resignation; Alleges Inside Conspiracy and Refuses to Be a Puppet












