മഴയില്ലാതെ മലവെള്ളപ്പാച്ചിൽ: നേപ്പാളിൽ മിന്നൽ പ്രളയം വിതച്ചത് ഗ്ലോഫ് പ്രതിഭാസം, ഒട്ടേറെ ജീവൻ കവർന്ന ഗ്ലോഫ് ഒരു നിശബ്ദ കൊലയാളി !

കാഠ്മണ്ഡു: താഴ്‌വരകളിൽ ഒട്ടും മഴ പെയ്യാതിരുന്നിട്ടും നേപ്പാളിലും ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള ഹിമാലയൻ മലനിരകളിലും മിനിറ്റുകൾക്കുള്ളിൽ അതിശക്തമായ മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു. ഉയർന്ന മലനിരകളിലെ ഹിമതടാകം പൊട്ടിത്തെറിച്ചുണ്ടായ ‘ഗ്ലോഫ്’ (Glacial Lake Outburst Flood) ആണ് ഈ അപ്രതീക്ഷിത ദുരന്തത്തിന് കാരണമായത്. ദുരന്തത്തിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും എണ്ണൂറോളം പേരെ കാണാതാവുകയും ചെയ്തതായാണ് പ്രാഥമിക വിവരങ്ങൾ. മരണപ്പെട്ടവരിൽ ഇന്ത്യൻ തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്.

വെറും അരമണിക്കൂറിൽ ഒൻപത് മീറ്റർ ജലനിരപ്പ് ഉയർന്നു

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നേപ്പാളിലെ റസുവ ജില്ലയിലുള്ള ഭോട്ടെകോഷി, തൃശൂലി നദികളിൽ പ്രളയമുണ്ടായത്. ആകാശത്ത് കരിമേഘങ്ങളോ മഴയുടെ ലക്ഷണങ്ങളോ ഇല്ലാതിരുന്നിട്ടും വെറും 30 മിനിറ്റിൽ ഒൻപത് മീറ്ററോളമാണ് നദികളിലെ ജലനിരപ്പ് ഉയർന്നത്. കിലോമീറ്ററുകളോളം വേഗതയിൽ ഒഴുകിയെത്തിയ ചളി നിറഞ്ഞ വെള്ളവും കൂറ്റൻ പാറക്കല്ലുകളും മിനിറ്റുകൾക്കകം തീരദേശ ഗ്രാമങ്ങളെയും റോഡുകളെയും വിഴുങ്ങുകയായിരുന്നു.

ദുരന്തത്തിന് പിന്നിൽ ‘ഗ്ലോഫ്’

ടിബറ്റ്-നേപ്പാൾ അതിർത്തിയിലെ ഉയർന്ന മലനിരകളിൽ വലിയൊരു ഹിമാനിയുടെ ഭാഗവും പാറക്കൂട്ടങ്ങളും തകർന്ന് താഴെയുള്ള ഹിമതടാകത്തിലേക്ക് പതിക്കുകയായിരുന്നു. ഈ ആഘാതത്തിൽ തടാകത്തെ തടഞ്ഞുനിർത്തിയിരുന്ന പ്രകൃതിദത്ത മൺതിട്ടകൾ തകരുകയും കോടിക്കണക്കിന് ലിറ്റർ വെള്ളം അതിശക്തമായി താഴേക്ക് ഇരച്ചെത്തുകയും ചെയ്തു. മണിക്കൂറിൽ ഏതാണ്ട് 193 കിലോമീറ്റർ വേഗതയിലാണ് ചെളിയും ഐസും കലർന്ന ഈ ജലപ്രവാഹം താഴ്‌വരകളിലേക്ക് പാഞ്ഞടുത്തത്. ഉയർന്ന മലനിരകളിലെ ഹിമാനികൾ ഉരുകുമ്പോൾ, ഒലിച്ചുവരുന്ന മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടി സ്വാഭാവിക തടയണകൾ രൂപപ്പെടാറുണ്ട്. ഈ തടയണകളിൽ ജലം കെട്ടിക്കിടന്ന് കാലക്രമേണ വലിയ തടാകങ്ങളായി മാറുന്നു. ഇവയാണ് ഹിമതടാകങ്ങൾ. കോൺക്രീറ്റ് ഡാമുകളെപ്പോലെ ഉറപ്പുള്ളതല്ല മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള ഈ പ്രകൃതിദത്ത തിട്ടകൾ. ആഗോളതാപനം മൂലം മഞ്ഞുരുകൽ ശക്തമാകുമ്പോൾ തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ അളവിൽ ഉയരും. ഒരു ഭൂചലനമോ വലിയ ഹിമപാതമോ ഉണ്ടാകുമ്പോൾ ഈ സ്വാഭാവിക ഭിത്തികൾ തകരുന്നു.

വലിയ നാശനഷ്ടം; ഇന്ത്യയിലും ജാഗ്രത

പ്രളയത്തിൽ നിരവധി വീടുകളും പാലങ്ങളും പ്രദേശത്തെ പ്രധാന ജലവൈദ്യുത പദ്ധതികളും പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും ഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായി നിലച്ചിരിക്കുകയാണ്. നേപ്പാളിലെ നദികൾ കരകവിഞ്ഞതിനെ തുടർന്ന് താഴേക്ക് ഒഴുകുന്ന കോസി, ഗന്തക് നദികളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഇതിനെ തുടർന്ന് ഇന്ത്യയിലെ ബിഹാർ, ഉത്തർപ്രദേശ് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം (Red Alert) പുറപ്പെടുവിച്ചിട്ടുണ്ട്.

വില്ലനായി ആഗോളതാപനം?

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഹിമാലയൻ മലനിരകളെ ഇത്രയും അപകടകരമാക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. താപനില ഉയരുന്നതുകൊണ്ട് ഹിമാനികൾ അതിവേഗം ഉരുകുകയും, പർവതനിരകളെ ഉറപ്പിച്ചു നിർത്തുന്ന മണ്ണും പാറകളും അയഞ്ഞുപോവുകയും ചെയ്യുന്നു. ഇതാണ് പെട്ടെന്നുള്ള മഞ്ഞിടിച്ചിലിനും ഹിമതടാക വിസ്‌ഫോടനങ്ങൾക്കും കാരണമാകുന്നത്.

The flash flood in Nepal was caused by the GLOF phenomenon, a silent killer that claimed many lives!

More Stories from this section

family-dental
witywide