മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാകില്ല; വൈറ്റ് ഹൗസിലെ മാധ്യമ വിലക്ക് താത്ക്കാലികമായി റദ്ദാക്കി കോടതി, ട്രംപിന് കനത്ത തിരിച്ചടി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ മാധ്യമ വിലക്കിന് കോടതിയുടെ താല്ക്കാലിക സ്റ്റേ. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയ മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് അടിയന്തരമായി പ്രവേശന അനുമതി തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കോടതി പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവ് പ്രകാരം സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങൾക്കുള്ള വിലക്കാണ് 14 ദിവസത്തേക്ക് റദ്ദാക്കിയത്.

തങ്ങളുടെ റിപ്പോർട്ടർമാരുടെ ഔദ്യോഗിക ‘ഹാർഡ് പാസുകൾ’ കണ്ടുകെട്ടുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തതിനെത്തുടർന്ന് മാധ്യമ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി വിധി. മാധ്യമങ്ങളെ വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുവെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങൾ ജഡ്ജി തിമോത്തി കെല്ലി പൂർണ്ണമായും തള്ളി. വൈറ്റ് ഹൗസ് ഈ നടപടിയിൽ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പുതിയ ബോൾറൂമിന്റെ നിർമ്മാണം ഉൾപ്പെടെ വൈറ്റ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ഈ മാധ്യമങ്ങൾ നൽകിയ വാർത്തകളാണ് വിലക്കിന് കാരണമായി ഭരണകൂടം ചൂണ്ടിക്കാണിച്ചത്. എന്നാൽ, വിവാദമായ വാർത്തകൾ എഴുതിയ ഭൂരിഭാഗം പത്രപ്രവർത്തകർക്കും വൈറ്റ് ഹൗസ് പാസ് ഇല്ലായിരുന്നുവെന്നും, മറ്റുള്ളവരുടെ പക്കൽ പാസ് ഉള്ളത് വാർത്തയെ എങ്ങനെ ബാധിച്ചുവെന്ന് തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ജഡ്ജി വ്യക്തമാക്കി.

മാധ്യമങ്ങളുടെ പാസ് പുനഃസ്ഥാപിക്കുന്നത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതിന് യാതൊരു വസ്തുതാപരമായ തെളിവുകളും ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. കോടതി വിധിയോട് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പ്രസിഡന്റിന്റെ അഭിഭാഷകർ മേൽക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.

court overturns White House media ban, a major setback for Trump.

More Stories from this section

family-dental
witywide