
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം ശക്തമാകുന്നു. പാർട്ടിയുടെ പ്രവർത്തനരീതിയെയും നേതൃത്വ തീരുമാനങ്ങളെയും ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ തന്നെ തുറന്നടിച്ചതോടെ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വ്യക്തികളാണെന്ന് മുൻ തൃണമൂൽ രാജ്യസഭാ എംപിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ ജവഹർ സിർക്കാർ ആരോപിച്ചു. തിരഞ്ഞെടുപ്പിലെ തോൽവിക്ക് പുറത്തുള്ള ഘടകങ്ങളേക്കാൾ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് പ്രധാന കാരണമെന്നും അദ്ദേഹം പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആർ.ജി. കർ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ എംപി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിക്കുള്ളിലെ ഗുണ്ടായിസവും ‘ദാദാഗിരി’ സ്വഭാവവും തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും, പാർട്ടിക്കായി കാര്യമായ സംഭാവനകളില്ലാത്ത ഒരാൾ അനാവശ്യ അധികാരം കൈവശം വച്ചിരിക്കുകയാണെന്നും സിർക്കാർ ആരോപിച്ചു. ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്കും മമത ബാനർജിയുടെ രാഷ്ട്രീയ നീക്കങ്ങൾ കാരണമായെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവച്ചു. 1990കളുടെ അവസാനം അവർ പാർട്ടി രൂപീകരിക്കുമ്പോൾ ബിജെപിക്ക് സംസ്ഥാനത്ത് വലിയ സ്വാധീനമില്ലായിരുന്നുവെങ്കിലും, മമതയുമായുള്ള സഖ്യത്തിലൂടെയാണ് ബിജെപി ആദ്യമായി ശക്തി നേടാൻ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2011ൽ അധികാരത്തിലെത്തിയതിന് ശേഷം കോൺഗ്രസിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ മമത സ്വീകരിച്ചുവെന്നും, അതിലൂടെ രാഷ്ട്രീയ ഇടം നഷ്ടപ്പെട്ട ചില നേതാക്കൾ ബിജെപിയിലേക്ക് മാറിയെന്നും സിർക്കാർ പറഞ്ഞു. മമതയെ എതിർക്കുന്നവർക്ക് ബിജെപി ഒരു ‘ലൈഫ് ഇൻഷുറൻസ് പോളിസി’ പോലെ മാറിയെന്നും, പ്രതിപക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഒടുവിൽ ബിജെപിക്കാണ് ഗുണകരമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, തിരഞ്ഞെടുപ്പ് ഫലം കൃത്രിമമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി. തങ്ങൾ ബിജെപിയോടല്ല, തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് പോരാടിയതെന്നായിരുന്നു അവരുടെ പ്രതികരണം. 294 അംഗ നിയമസഭയിൽ ബിജെപി 207 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തപ്പോൾ, 15 വർഷം സംസ്ഥാനം ഭരിച്ച തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ചുരുങ്ങി.














