തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തൃണമൂലിൽ പൊട്ടിത്തെറി; 2 എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി, മമത കനത്ത പ്രതിസന്ധിയിൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് എന്റലിയിൽ നിന്നുള്ള എംഎൽഎ സാന്ദീപൻ സാഹയെയും ഉലുബേരിയ പൂർബ മണ്ഡലത്തിലെ എംഎൽഎ ഋതബ്രത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് അടിയന്തരമായി പുറത്താക്കി.

പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പുവെച്ച കത്തിലൂടെയാണ് നടപടി അറിയിച്ചത്. ഔദ്യോഗിക നേതൃത്വത്തിന്റെ നിർദേശപ്രകാരം വിളിച്ചുചേർത്ത യോഗങ്ങളിൽ ഇരുവരും തുടർച്ചയായി വിട്ടുനിന്നതായും പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവർത്തനങ്ങളും നടത്തിയതായും കത്തിൽ വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവായി സോവൻദേബ് ചതോപാധ്യായയെ നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ സമർപ്പിച്ച പാർട്ടി കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന വിവാദമാണ് അപ്രതീക്ഷിത നടപടിക്ക് വഴിവെച്ചത്. തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപിച്ച് ഇരുവരും സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി വാർത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പാർട്ടി നേതൃത്വത്തെ മറികടന്ന് സ്പീക്കറെ സമീപിച്ച നടപടി, മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രവും പാർട്ടി ചിഹ്നവും ഉപയോഗിച്ച് വോട്ട് നേടി വിജയിച്ച ജനപ്രതിനിധികളിൽ നിന്നുള്ള വിശ്വാസവഞ്ചനയാണെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചു.

അതേസമയം, പാർട്ടിക്കുള്ളിലെ അസംതൃപ്തി കൂടുതൽ വ്യക്തമാക്കുന്നതായി കഴിഞ്ഞ ദിവസത്തെ എംഎൽഎമാരുടെ യോഗവും മാറി. 80 തൃണമൂൽ എംഎൽഎമാരിൽ 61 പേരും യോഗം ബഹിഷ്കരിച്ചതോടെ പാർട്ടി നേതൃത്വത്തിന് മുന്നിൽ പുതിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര ഭിന്നതകൾ തൃണമൂൽ കോൺഗ്രസിനെ കൂടുതൽ സമ്മർദത്തിലാക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide