ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തുടർച്ചയായ രണ്ടാം വർഷവും പങ്കെടുത്തില്ല. ശരിയായ പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയും ഖർഗെയും ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. ഇരുവരുടെയും പദവിക്ക് അനുസൃതമായിരുന്നില്ല ഇരിപ്പിട ക്രമീകരണങ്ങളും മറ്റ് ഔദ്യോഗിക ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളുമെന്നാണ് വൃത്തങ്ങളുടെ വിശദീകരണം.
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നു. ഔദ്യോഗിക ‘ടേബിൾ ഓഫ് പ്രിസിഡൻസ്’ അനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഇരിപ്പിടം നിശ്ചയിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ മുൻഗണനാ പട്ടിക പ്രകാരം ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവി കേന്ദ്ര കാബിനറ്റ് മന്ത്രിയുടേതിന് തുല്യമാണ്. 2024ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുൽ ഗാന്ധിക്ക് നൽകിയ ഇരിപ്പിടവുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതിനിടെയാണ് ഖർഗെയും രാഹുൽ ഗാന്ധിയും ഇത്തവണ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.
2024ൽ കാബിനറ്റ് പദവിയോടെയുള്ള ലോക്സഭാ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ രാഹുൽ ഗാന്ധിയെ ചെങ്കോട്ടയിലെ അഞ്ചാം നിരയിലായിരുന്നു ഇരുത്തിയത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി വിമർശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പദവിയെ സർക്കാർ അപമാനിച്ചെന്നും ചെറുതായ മനോഭാവമാണ് പ്രകടിപ്പിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്ന ഒളിമ്പ്യൻമാർക്ക് ഇരിപ്പിടം ഒരുക്കുന്നതിനായാണ് ഇത്തരത്തിലുള്ള ക്രമീകരണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു.
2025ലും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. ദേശീയതലത്തിലുള്ള ഔദ്യോഗിക ചടങ്ങുകളിൽ തങ്ങളുടെ നേതാക്കളോട് കാണിക്കുന്ന സമീപനത്തെക്കുറിച്ച് കോൺഗ്രസ് പലതവണ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ ഇരിപ്പിട ക്രമീകരണത്തെയും കോൺഗ്രസ് വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധിയെയും ഖർഗെയെയും മൂന്നാം നിരയിലാണ് ഇരുത്തിയതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ 2025ലെയും 2026ലെയും റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ ഇരിപ്പിട ക്രമീകരണങ്ങൾ ഔദ്യോഗിക ‘ടേബിൾ ഓഫ് പ്രിസിഡൻസ്’ അനുസരിച്ചാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാന ചടങ്ങുകളിലും ഔദ്യോഗിക ആഘോഷങ്ങളിലും ഇരിപ്പിട ക്രമീകരണവും പ്രോട്ടോക്കോളും നിശ്ചയിക്കുന്നത് ‘ടേബിൾ ഓഫ് പ്രിസിഡൻസ്’ ആണ്. രാഷ്ട്രീയ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല, ഭരണഘടനാപരമായ പദവിയും ഔദ്യോഗിക സ്ഥാനവുമാണ് ഇതിന്റെ അടിസ്ഥാനമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Rahul Gandhi, Mallikarjun Kharge skip Red Fort I-Day event for second straight year













