കേന്ദ്ര സർക്കാരിനെതിരെ ആദ്യ വിമർശനവുമായി മുഖ്യമന്ത്രി വിജയ്, ഇന്ധന വിലവർധന അംഗീകരിക്കാനാകില്ല; പിൻവലിക്കണം

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കടുത്ത നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. രാജ്യത്ത് നിലവിൽ വരുത്തിയ ഇന്ധന വിലവർധനവ് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരെയും മധ്യവർഗത്തെയുമാണ് ഈ തീരുമാനം ഏറ്റവും ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായ ശേഷം കേന്ദ്ര സർക്കാരിനെതിരെ വിജയ് നടത്തുന്ന ആദ്യ രാഷ്ട്രീയ വിമർശനമാണിത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞ സമയത്ത് ഇന്ധനക്കമ്പനികൾ വില കുറയ്ക്കാൻ തയ്യാറായിരുന്നില്ലെന്നും പകരം വൻ ലാഭം കൊയ്യുകയായിരുന്നുവെന്നും വിജയ് ചൂണ്ടിക്കാട്ടി. ഇപ്പോൾ വില കൂടിയെന്ന കാരണം പറഞ്ഞ് വീണ്ടും ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഒട്ടും ഉചിതമല്ല. കോർപ്പറേറ്റുകളുടെ ലാഭത്തേക്കാൾ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പൊതുജനങ്ങളുടെ സാമ്പത്തിക സുരക്ഷ കണക്കിലെടുത്ത് വർധിപ്പിച്ച ഇന്ധനവില ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് വിജയ് ആവശ്യപ്പെട്ടു. ഇന്ധന വിലവർധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും ഇത് തമിഴ്നാട്ടിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ശക്തമായ രാഷ്ട്രീയ നിലപാടുകൾ ടിവികെ സ്വീകരിക്കുമെന്ന സൂചനയാണ് വിജയ്‌യുടെ വാക്കുകൾ നൽകുന്നത്.

TN CM Vijay Slams Central Government Over Fuel Price Hike; Demands Immediate Withdrawal

More Stories from this section

family-dental
witywide