
പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിൻ്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്നു. കാർ ഓടിച്ചിരുന്ന ഭർത്താവ് റിജിൻലാലിന് (ലാലു) ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടയിൽ കാറിൽ നിന്ന് പുകയും തീയും ഉയർന്നതിനെത്തുടർന്ന് റിജിൻലാൽ പുറത്തിറങ്ങി. എന്നാൽ വാഹനത്തിൻ്റെ സെൻട്രൽ ലോക്കിങ് സിസ്റ്റം ജാമായതിനാൽ പിൻസീറ്റിലിരുന്ന സോനയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരും പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീയണച്ചതും സോനയുടെ മൃതദേഹം പുറത്തെടുത്തതും. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചത്. റിജിൻലാൽ സമീപത്തെ തോട്ടിൽ ഇറങ്ങിയാണ് വസ്ത്രത്തിലെ തീയണച്ചത്. മേപ്പയൂർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
Tragic accident as car catches fire in Kozhikode: Pregnant woman burns to death, husband seriously injured













