
കോയമ്പത്തൂർ: വാൽപ്പാറ ചുരം റോഡിലുണ്ടായ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നൗഷാദ് അലി (39) അന്തരിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ ബസ് ഡ്രൈവറാണ് ഇദ്ദേഹം.
നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും കൃത്യസമയത്ത് ഡോക്ടർമാർ എത്തിയില്ലെന്നും ചികിത്സ നൽകുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് കാണിച്ച് കുടുംബം അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഹമ്മദ് ഫായിസിൻ്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു.
സഹദിൻ മുഹമ്മദിൻ്റെ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിൽ വാർഡിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹത്തെയും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.20-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിലെ ഒൻപതാം ഹെയർപിൻ വളവിന് സമീപം നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള അധ്യാപകരും ജീവനക്കാരുമുൾപ്പെടെയുള്ള സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പാങ്ങ് ഗവ എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ 5 അധ്യാപകർ, സ്കൂളിലെ പാചകത്തൊഴിലാളി, സമീപത്തെ പാങ്ങ് ഗവ യുപി സ്കൂൾ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തേ മരിച്ചത്.
Valparai road accident: Teacher Naushad Ali passes away while undergoing treatment















