അപ്രതീക്ഷിത പ്രഖ്യാപനം, ഇറാൻ യുദ്ധം അവസാനിച്ചെന്ന് വൈറ്റ് ഹൗസ്; കോൺഗ്രസിന്റെ അനുമതി മറികടക്കാൻ നീക്കമെന്ന് സൂചന

വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. നിലവിൽ തുടരുന്ന അനിശ്ചിതകാല വെടിനിർത്തൽ ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിന്റെ ഈ അവകാശവാദം. സൈനിക നടപടികൾക്കായി യുഎസ് കോൺഗ്രസിന്റെ പ്രത്യേക അനുമതി തേടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു വാദം ഭരണകൂടം ഉയർത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1973-ലെ നിയമപ്രകാരം 60 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അംഗീകാരം അനിവാര്യമാണ്.

എന്നാൽ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുന്നതിലൂടെ ഈ കടമ്പ മറികടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച ശത്രുത ഏപ്രിൽ 7-ഓടെ അവസാനിച്ചതായാണ് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ 7-ന് ഇരുരാജ്യങ്ങളും അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ പിന്നീട് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. അതിനുശേഷം അമേരിക്കൻ സൈന്യവും ഇറാനും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ 60 ദിവസത്തെ സമയപരിധി അവസാനിക്കുകയോ താൽക്കാലികമായി നിലയ്ക്കുകയോ ചെയ്യുമെന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ വാദത്തെ ശരിവെക്കുന്നതാണ് പുതിയ ഔദ്യോഗിക നിലപാട്. അതേസമയം, വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും പൂർണ്ണമായും പ്രവർത്തനക്ഷമമായിട്ടില്ല.

യുഎസും ഇറാനും പരസ്പരം കപ്പൽ ഗതാഗതം തടയുന്നതിനാൽ ചരക്കുനീക്കം ഇപ്പോഴും സ്തംഭിച്ച അവസ്ഥയിലാണ്. യുദ്ധം അവസാനിച്ചെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയെ ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള നിയമസഭാംഗങ്ങൾ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തിൽ കോൺഗ്രസ് അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്. വരും ദിവസങ്ങളിൽ ഭരണകൂടവും കോൺഗ്രസും തമ്മിലുള്ള ഈ നിയമതർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

More Stories from this section

family-dental
witywide