ട്രംപ് അനുയായികൾക്ക് നഷ്ടപരിഹാരം നൽകാൻ 1.776 ബില്യൺ ഡോളറിന്‍റെ സർക്കാർ ഫണ്ട്; നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം

വാഷിംഗ്ടൺ: കഴിഞ്ഞ ഡെമോക്രാറ്റിക് ഭരണകൂടത്തിന്‍റെ കാലത്ത് തങ്ങൾ അന്യായമായി വേട്ടയാടപ്പെട്ടു എന്ന് അവകാശപ്പെടുന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ സഖ്യകക്ഷികൾക്കും അനുയായികൾക്കും നഷ്ടപരിഹാരം നൽകുന്നതിനായി യുഎസ് നീതിന്യായ വകുപ്പ് 1.776 ബില്യൺ ഡോളറിന്റെ (ഏകദേശം 14,000 കോടിയിലധികം ഇന്ത്യൻ രൂപ) ഭീമമായ ഫണ്ട് രൂപീകരിച്ചു. തിങ്കളാഴ്ചയാണ് നീതിന്യായ വകുപ്പ് ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്. ഒരു രാജ്യത്തിന്റെ പ്രസിഡന്റ്, തന്റെ കീഴിലുള്ള സർക്കാർ ഏജൻസിയെ ഉപയോഗിച്ച് ജനങ്ങളുടെ നികുതിപ്പണം സ്വന്തം രാഷ്ട്രീയ അനുയായികൾക്ക് വീതം വെക്കാൻ അനുവദിക്കുന്ന ഇത്തരം ഒരു നീക്കം അമേരിക്കൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

തന്‍റെ നികുതി വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ആഭ്യന്തര റവന്യൂ വകുപ്പിനെതിരെ ട്രംപ് നൽകിയിരുന്ന 10 ബില്യൺ ഡോളറിന്‍റെ വമ്പൻ നഷ്ടപരിഹാരക്കേസ് പെട്ടെന്ന് പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഫണ്ടിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഈ പുതിയ ഫണ്ടിൽ നിന്നും ട്രംപിന് നേരിട്ട് പണം ഒന്നും ലഭിക്കില്ലെങ്കിലും, അദ്ദേഹത്തിന് സർക്കാർ വക ഔദ്യോഗിക മാപ്പപേക്ഷ നൽകുമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

തന്‍റെ ആദ്യ പ്രസിഡന്‍റ് കാലാവധിയിലെ രഹസ്യ നികുതി വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തി നൽകിയെന്ന് ആരോപിച്ച് ഈ വർഷം ജനുവരിയിലാണ് ഡോണൾഡ് ട്രംപും മക്കളായ ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവരും ചേർന്ന് ഐആർഎസിനും ട്രഷറി ഡിപ്പാർട്ട്‌മെന്റിനുമെതിരെ 10 ബില്യൺ ഡോളറിന്റെ കേസ് ഫയൽ ചെയ്തത്. ട്രംപിന്റെയും അദ്ദേഹത്തിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷന്റെയും അതീവ രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഐആർഎസ് പരാജയപ്പെട്ടു എന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ട്രംപ് ഉൾപ്പെടെ ആയിരക്കണക്കിന് പ്രമുഖരുടെ നികുതി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ കേസിൽ ഐആർഎസിലെ മുൻ കരാർ ജീവനക്കാരനായ ചാർലസ് ലിറ്റിൽജോണിന് കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.

പ്രസിഡന്‍റ് എന്ന നിലയിലല്ല, മറിച്ച് ഒരു സാധാരണ പൗരൻ എന്ന നിലയ്ക്കാണ് ട്രംപ് ഈ കേസ് കോടതിയിൽ എത്തിച്ചിരുന്നത്. എന്നാൽ ഫ്ലോറിഡയിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് ജഡ്ജി കാത്‌ലീൻ വില്യംസ്, ഈ കേസ് കോടതിയുടെ സമയം കളയുന്നതാണെന്നും നിയമപരമായി നിലനിൽപ്പുള്ളതല്ലെന്നും തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിൻവലിക്കാനും, പകരം ട്രംപിന്റെ അനുയായികൾക്കായി സർക്കാർ ഖജനാവിൽ നിന്ന് വൻ തുക ഫണ്ട് അനുവദിക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ തന്ത്രപരമായ നീക്കം. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide