ട്രംപ് ഭരണകൂടം പിടിമുറുക്കുന്നു: ഗ്രീൻ കാർഡും പൗരത്വവും ഇനി അത്ര എളുപ്പമാകില്ല, ഇമിഗ്രേഷൻ അപേക്ഷകർക്ക് എഫ്.ബി.ഐ പരിശോധന കർശനമാക്കി

വാഷിംഗ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡ്, പൗരത്വം, അഭയം എന്നിവയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടം സുരക്ഷാ പരിശോധനകൾ അതിശക്തമാക്കി. നിലവിൽ നടപടികൾ പുരോഗമിക്കുന്ന അപേക്ഷകളിൽ പോലും വീണ്ടും എഫ്.ബി.ഐ പരിശോധന നടത്താനാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം.

ഫെബ്രുവരിയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, എഫ്.ബി.ഐയുടെ ക്രിമിനൽ ഡാറ്റാബേസ് പൂർണ്ണമായും പരിശോധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അനുമതി ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരേയും ക്രിമിനൽ പശ്ചാത്തലമുള്ള വിദേശികളേയും കണ്ടെത്തുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഏപ്രിൽ 27-ന് മുമ്പ് സുരക്ഷാ പരിശോധന പൂർത്തിയാക്കിയ കേസുകൾ പോലും വീണ്ടും എഫ്.ബി.ഐയുടെ വിശദമായ പശ്ചാത്തല പരിശോധനയ്ക്ക് വിധേയമാക്കണം. ഈ കർശന പരിശോധനകൾ പൂർത്തിയാക്കാതെ ഒരു അപേക്ഷയും അംഗീകരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രീൻ കാർഡ്, നാച്ചുറലൈസേഷൻ (പൗരത്വം), അഭയം തേടിയുള്ള അപേക്ഷകൾ, വിദേശത്തുള്ള ബന്ധുക്കൾക്കോ പങ്കാളികൾക്കോ വേണ്ടിയുള്ള സ്പോൺസർഷിപ്പ് എന്നിവയെല്ലാം ഇതിൻ്റെ പരിധിയിൽ വരും. ഇതോടെ ആയിരക്കണക്കിന് അപേക്ഷകളിൽ തീരുമാനമുണ്ടാകുന്നത് താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം ഇമിഗ്രേഷൻ നടപടികളിൽ വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് അവർക്ക് “അമേരിക്കൻ വിരുദ്ധ” നിലപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് ഇതിൽ പ്രധാനമാണ്. കൂടാതെ, 39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കാരണം ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ പൂർണ്ണമായും മരവിപ്പിച്ചിരിക്കുകയാണ്. അഭയം തേടിയുള്ള അപേക്ഷകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ നിയന്ത്രണം ഭാഗികമായി നീക്കിയെങ്കിലും ഇമിഗ്രേഷൻ നയങ്ങൾ കൂടുതൽ കർക്കശമാക്കുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്. രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഈ മാറ്റങ്ങളെന്നും അപേക്ഷകളിലെ താമസം താത്കാലികം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

Trump administration tightens immigration checks; lakhs of applicants in crisis

More Stories from this section

family-dental
witywide