സർവ്വം ട്രംപ് മയം! വാനോളം പുകഴ്ത്തി സ‌ർക്കാർ ചെലവിൽ വമ്പൻ പരസ്യങ്ങളുടെ സംപ്രേഷണം തുടങ്ങി, നികുതിദായകരുടെ പണം ഉപയോഗിച്ചതിൽ വിവാദം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രകീർത്തിക്കുന്ന പുതിയ പരസ്യങ്ങൾ ദേശീയ ചാനലുകളിലും സി.ബി.എസ് ഉൾപ്പെടെയുള്ള പ്രധാന നെറ്റ്‍വർക്കുകളിലും സംപ്രേഷണം ആരംഭിച്ചു. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ഈ പരസ്യങ്ങൾക്കായി പണം മുടക്കിയിരിക്കുന്നത് എന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഫോക്സ് ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത ആദ്യ പരസ്യം അമേരിക്കയിൽ കമ്മ്യൂണിസവും സോഷ്യലിസവും മാർക്സിസവും പരാജയപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് ആരംഭിക്കുന്നത്.

ജെഎംഎസ്എൻ എന്ന ഗായകന്റെ ‘ലവ് മീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ, പ്രസിഡന്റിന്റെ രണ്ടാം ഭരണകാലത്തെ വിവിധ ദൃശ്യങ്ങളും ചിത്രങ്ങളും പരസ്യത്തിൽ കാണിക്കുന്നുണ്ട്. റാലികളിലെ ദൃശ്യങ്ങൾ, വൈറ്റ് ഹൗസിലെ ക്രിസ്മസ് ആഘോഷങ്ങൾ, ഫിഫ ട്രോഫിക്കൊപ്പമുള്ള ചിത്രങ്ങൾ, സൈനിക മേധാവികൾക്കൊപ്പമുള്ള നിൽപ്പ് തുടങ്ങി വിവിധ നിമിഷങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ‘അമേരിക്ക ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാകില്ല’ എന്ന് പരസ്യത്തിൽ ആവർത്തിച്ച് എഴുതി കാണിക്കുന്നുണ്ട്. കൂടാതെ ഭരണകൂടത്തിന്റെ നികുതി വെട്ടിക്കുറയ്ക്കലുകൾ, ആഭ്യന്തര നിർമ്മാണ മേഖലയ്ക്കുള്ള പിന്തുണ, നിയമപാലകരെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയും ഇതിലുണ്ട്. രാജ്യത്തെ സ്നേഹിക്കുന്ന ട്രംപ് രാജ്യത്തിനുവേണ്ടി കഠിനമായി പോരാടുകയാണെന്ന് അൽറ്റിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് സി.ഇ.ഒ ഡാന വൈറ്റ് പറയുന്ന ശബ്ദത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

എന്നാൽ തന്റെ പാട്ട് രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് ഗായകൻ ജെഎംഎസ്എൻ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഏത് രാഷ്ട്രീയ അജണ്ടയ്ക്കോ പ്രചാരണത്തിനോ വേണ്ടി തന്റെ സംഗീതം ഉപയോഗിക്കാൻ ഒരിക്കലും അനുമതി നൽകില്ലെന്നും ആരും തന്നോട് അനുവാദം ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യത്തിന് താഴെ ‘യു.എസ് സർക്കാർ പണം നൽകിയത്’ എന്ന ലേബലും നൽകിയിട്ടുണ്ട്.

വെെനസ്വേലൻ മുൻ പ്രസിഡന്റ് നികൊളാസ് മദുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയ സംഭവം വിവരിക്കുന്ന മറ്റൊരു പരസ്യവും സി.ബി.എസ് ഉൾപ്പെടെയുള്ള നെറ്റ്വർക്കുകളിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്. 30 സെക്കൻഡും 60 സെക്കൻഡും ദൈർഘ്യമുള്ള വിവിധ വേർഷനുകളിലാണ് ഈ പരസ്യങ്ങളുള്ളത്. ഒരു അഡ്ലൈൻ ഏജൻസി വഴി യു.എസ് സർക്കാർ തന്നെയാണ് ഈ പരസ്യങ്ങളുടെ ഉള്ളടക്കം തയ്യാറാക്കുകയും സംപ്രേഷണത്തിനുള്ള തുക നൽകുകയും ചെയ്തത്.

എന്നാൽ ഇത് രാഷ്ട്രീയ പരസ്യമാണെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. ഇതൊരു രാഷ്ട്രീയ പരസ്യമല്ലെന്നും മറിച്ച് ‘പൊതുജന സേവന പ്രഖ്യാപനം’ മാത്രമാണെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് ഇതിനോട് പ്രതികരിച്ചത്. രാജ്യത്തെ സ്നേഹിക്കാനും അതിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുമുള്ള വിദ്യാഭ്യാസപരവും ദേശസ്നേഹം തുളുമ്പിനിൽക്കുന്നതുമായ പരസ്യങ്ങളാണിതെന്നും, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ഇതിൽ ആഹ്വാനങ്ങളൊന്നുമില്ലെന്നും വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide