
വാഷിംഗ്ടൺ: കഴിഞ്ഞ മാസം വാഷിംഗ്ടണിൽ നടന്ന വൈറ്റ് ഹൗസ് റിപ്പോർട്ടേഴ്സ് ഗാലയ്ക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി കുറ്റം നിഷേധിച്ചു. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ആണ് ഫെഡറൽ കോടതിയിൽ ഹാജരായി താൻ നിരപരാധിയാണെന്ന് വാദിച്ചത്.
ഏപ്രിൽ 25-ന് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക വിരുന്നിനിടെയായിരുന്നു ലോകത്തെ ഞെട്ടിച്ച ആക്രമണശ്രമം നടന്നത്. തോക്കുകളും കത്തികളുമായി സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ച അലൻ, തന്നെ തടയാൻ ശ്രമിച്ച സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് നടന്ന ബലപ്രയോഗത്തിനൊടുവിലാണ് അലനെ സുരക്ഷാസേന കീഴ്പ്പെടുത്തിയത്.
പ്രസിഡൻ്റിനെ വധിക്കാൻ ശ്രമിക്കൽ, ഫെഡറൽ ഉദ്യോഗസ്ഥനെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കൽ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങി നാല് ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കമ്പ്യൂട്ടർ എൻജിനീയറായ അലൻ രാഷ്ട്രീയ വിരോധം കാരണമാണ് ഈ കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക നിഗമനം. കേസിൽ അടുത്ത വാദം കേൾക്കൽ ജൂൺ 29-ന് നടക്കും.
കേസിലെ പ്രോസിക്യൂട്ടർമാരായ ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ, യുഎസ് അറ്റോർണി ജീനിൻ പിറോ എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം ഇവർ രണ്ടുപേരും അവിടെ ഉണ്ടായിരുന്നുവെന്നും, അതിനാൽ അവർ ഈ കേസിലെ ഇരകളാണെന്നുമാണ് പ്രതിഭാഗം വക്കീൽ യൂജിൻ ഓം വാദിച്ചത്. മാത്രമല്ല, ട്രംപുമായുള്ള അടുത്ത ബന്ധവും ഇര എന്ന നിലയിലുള്ള സ്ഥാനവും പരിഗണിച്ച് ജീനിൻ പിറോ നയിക്കുന്ന യുഎസ് അറ്റോർണി ഓഫിസിനെ മുഴുവനായി കേസിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Trump assassination attempt case: Defendant pleads not guilty; trial to begin in June














