ഷി മികച്ച നേതാവെന്ന് ട്രംപ്: സാമ്പത്തിക-എ.ഐ ചർച്ചകളുമായി നേതാക്കൾ; ഇറാൻ വിഷയത്തിൽ ഭിന്നത; ഉച്ചകോടിയുടെ ഒന്നാം ദിനം നയതന്ത്ര സമ്മർദ്ദം

ബീജിംഗ്: ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന യു.എസ്-ചൈന ഉച്ചകോടിയുടെ ഒന്നാം ദിവസം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപ്രകടനങ്ങൾക്കൊപ്പം കടുത്ത നയതന്ത്ര സമ്മർദ്ദങ്ങൾക്കും വേദിയായി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ തായ്‌വാൻ, ഇറാൻ യുദ്ധം, സാമ്പത്തിക സഹകരണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയായി.

ട്രംപിനായി ചൈനീസ് മണ്ണിൽ വിപുലമായ സൈനിക ചടങ്ങുകളോടെയുള്ള ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഷി ജിൻപിംഗിനെ ഒരു മികച്ച നേതാവെന്നും അദ്ദേഹത്തോടൊപ്പമുള്ള കൂടിക്കാഴ്ച വലിയൊരു ബഹുമതിയെന്നും ട്രംപ് വിശേഷിപ്പിച്ചു. എന്നാള, സൌഹൃദ സംഭാഷണങ്ങൾക്കപ്പുറം തായ്‌വാൻ വിഷയത്തിൽ ഷി ജിൻപിംഗ് യു.എസിന് കടുത്ത മുന്നറിയിപ്പ് നൽകി. തായ്‌വാൻ പ്രശ്നം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെങ്കിൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയൊരു “സംഘർഷത്തിലേക്ക്” നയിക്കുമെന്ന് ഷി വ്യക്തമാക്കി. തായ്‌വാനിലേക്കുള്ള യു.എസിൻ്റെ ആയുധ വിപണനം കുറയ്ക്കാനും തായ്‌വാൻ സ്വാതന്ത്ര്യത്തെ യു.എസ് എതിർക്കണമെന്നുമുള്ള സമ്മർദ്ദം ചൈന ഉച്ചകോടിയിൽ ചെലുത്തുന്നുണ്ട്.

ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കും

പേർഷ്യൻ ഗൾഫിലെ സംഘർഷം അവസാനിപ്പിക്കാനും ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് തുറന്നു നിലനിർത്താനും ചൈന തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടു. ഇറാൻ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചെങ്കിലും, ചൈന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ഇറാനെക്കുറിച്ചോ കടലിടുക്കിനെക്കുറിച്ചോ പരാമർശമില്ല. ഈ യുദ്ധം അമേരിക്കയുടെ മാത്രം പ്രശ്നമാണെന്ന നിലപാടിലാണ് ചൈന.

അതേസമയം, ട്രംപും ഷി ജിൻപിംഗും തമ്മിൽ നടക്കുന്ന നിർണായക കൂടിക്കാഴ്ചയിൽ, ഇറാൻ സംഘർഷം പരിഹരിക്കാൻ ചൈന കൂടുതൽ സജീവമായ പങ്കുവഹിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ബീജിംഗിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് ചിത്രീകരിച്ച അഭിമുഖം ബുധനാഴ്ചയാണ് പുറത്തുവിട്ടത്.”ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ടത് ചൈനയുടെയും ആവശ്യമാണ്. പേർഷ്യൻ ഗൾഫിൽ ഇറാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നീക്കങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ചൈന കൂടുതൽ സജീവമായി ഇടപെടും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” റൂബിയോ പറഞ്ഞു. ഇറാന് നൽകുന്ന ഏതൊരു പിന്തുണയും യുഎസ്-ചൈന ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ചൈനയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയം ചർച്ചയിൽ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം ആഗോള സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും ഇത് ചൈനീസ് ഉൽപ്പന്നങ്ങളുടെ വാങ്ങൽ കുറയ്ക്കുമെന്നും കയറ്റുമതിയെ വൻതോതിൽ ബാധിക്കുമെന്നും റൂബിയോ ഓർമ്മിപ്പിച്ചു.

സാമ്പത്തിക, സാങ്കേതിക സഹകരണം

വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും ചേർന്ന് ഒരു ‘ബോർഡ് ഓഫ് ട്രേഡ്’, ‘ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെൻ്റ്’ എന്നിവ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ അനാവശ്യ ശക്തികളുടെ കൈകളിൽ എത്താതിരിക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ തയ്യാറാക്കുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് അറിയിച്ചു.

ഈ കൂടിക്കാഴ്ച തങ്ങളുടെ വലിയൊരു നയതന്ത്ര വിജയമായാണ് ചൈനീസ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ട്രംപിന് ചൈനയുടെ സഹായം അനിവാര്യമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ചൈനീസ് മാധ്യമങ്ങൾ നടത്തുന്നത്.

Trump calls Xi a great leader: Leaders hold economic and AI talks; diplomatic pressure on first day of summit

More Stories from this section

family-dental
witywide