
ശത്രുരാജ്യത്തിൻ്റെ മിസൈലാക്രമണത്തിൽ യുദ്ധവിമാനം തകർന്ന്, പാരച്യൂട്ട് പോലും കൃത്യമായി തുറക്കാതെ മണിക്കൂറിൽ 100 മൈൽ വേഗതയിൽ താഴേക്ക് പതിച്ചിട്ടും അത്ഭുതകരമായി ജീവൻ തിരിച്ചുപിടിച്ച അമേരിക്കൻ വ്യോമസേനാ ഓഫീസർ തൻ്റെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു. രണ്ടുദിവസം ഇറാൻ സൈന്യത്തിൻ്റെ കണ്ണുവെട്ടിച്ച് മരുഭൂമിയിലെ മലനിരകളിൽ ഒളിച്ചുകഴിഞ്ഞ ‘ബ്രാവോ’ എന്ന കോഡ് നാമമുള്ള കേണലിനെയാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിലൂടെ യുഎസ് സൈന്യം ജീവനോടെ മണ്ണിൽ തിരിച്ചെത്തിച്ചത്. 46 വർഷത്തിന് ശേഷം ആദ്യമായാണ് അമേരിക്കൻ എലൈറ്റ് കമാൻഡോകൾ നേരിട്ട് ഇറാൻ്റെ മണ്ണിലിറങ്ങി ഇത്തരമൊരു അതിസാഹസിക ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത്.
ഏപ്രിൽ രണ്ടിന് രാത്രി ഇറാൻ്റെ ആണവ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന ഇസ്ഫഹാൻ നഗരത്തിന് തെക്കുള്ള ഡ്രോൺ-മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു യുഎസ് സൈന്യത്തിൻ്റെ ‘ഡ്യൂഡ് 44’ എന്ന മിഷൻ പുറപ്പെട്ടത്. 30 ദശലക്ഷം ഡോളർ വിലമതിക്കുന്ന എഫ്-15ഇ യുദ്ധവിമാനമാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. എന്നാൽ, ലക്ഷ്യസ്ഥാനത്തിന് സമീപം വെച്ച് ഇറാൻ്റെ തോളിൽനിന്ന് തൊടുക്കാവുന്ന മിസൈൽ വിമാനത്തിൽ പതിക്കുകയായിരുന്നു. വിമാനം തകരുമെന്ന് ഉറപ്പായതോടെ പൈലറ്റായ ‘ആൽഫ’യും ബാക്ക് സീറ്റിലിരുന്ന ‘ബ്രാവോ’യും വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടി.
മിസൈൽ ആക്രമണത്തിൽ ബ്രാവോയുടെ പാരച്യൂട്ട് ഭാഗികമായി തകർന്നിരുന്നു. “മുകളിലേക്ക് നോക്കിയപ്പോൾ പാരച്യൂട്ട് കാണാത്തതായിരുന്നു ജീവിതത്തിൽ കണ്ട ഏറ്റവും ഭയാനകമായ കാഴ്ച. ആ നിമിഷത്തിൽ ഞാൻ പ്രാർത്ഥിച്ചു, ദൈവമേ നിൻ്റെ ഹിതം പോലെ നടക്കട്ടെ, പക്ഷേ ഞാൻ ഇതിനെ അതിജീവിക്കുകയാണെങ്കിൽ എനിക്ക് സഹായം വേണം” – രക്ഷപെട്ട ശേഷം ബ്രാവോ തൻ്റെ അനുഭവം പങ്കുവെച്ചു. മണിക്കൂറിൽ 70 മുതൽ 100 മൈൽ വേഗതയിലാണ് അദ്ദേഹം താഴേക്ക് പതിച്ചത്. കഠിനമായ വീഴ്ചയിൽ അദ്ദേഹത്തിൻ്റെ നട്ടെല്ലിനും തോളെല്ലിനും കൈക്കും ഗുരുതരമായി പരിക്കേറ്റു.
7,000 അടി മുകളിൽ ഒളിവുകാലം
പൈലറ്റായ ആൽഫയിൽ നിന്നും അഞ്ച് മൈൽ അകലെയാണ് ബ്രാവോ ലാൻഡ് ചെയ്തത്. ആൽഫയെ ആറ് മണിക്കൂറിനുള്ളിൽ യുഎസ് സൈന്യം രക്ഷപെടുത്തിയെങ്കിലും ബ്രാവോയെ കണ്ടെത്താനായില്ല. പരിക്കുകളോടെ കഠിനമായ മരുഭൂമിയിലെ 7,000 അടി ഉയരമുള്ള മലനിരകളിലേക്ക് ബ്രാവോ ഇഴഞ്ഞു കയറി ഒളിച്ചിരുന്നു. ഇറാൻ സൈന്യവും സായുധ സംഘങ്ങളും ഇദ്ദേഹത്തെ തിരഞ്ഞ് തൊട്ടടുത്ത് വരെ എത്തിയിരുന്നു. വെള്ളവും ഭക്ഷണവുമില്ലാതെ, കഠിനമായ തണുപ്പിൽ രണ്ട് ദിവസമാണ് അദ്ദേഹം ശത്രുരാജ്യത്തിൻ്റെ അതിർത്തിക്കുള്ളിൽ കഴിഞ്ഞുകൂടിയത്.
പാതയൊരുക്കി സിഐഎ; ഇറാന്റെ മണ്ണിൽ യുഎസ് കമാൻഡോകൾ
ബ്രാവോയുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ (CIA) രംഗത്തിറങ്ങി. ഇറാൻ സൈന്യത്തെ തെറ്റിദ്ധരിപ്പിക്കാൻ സിഐഎ വലിയ വ്യാജപ്രചരണ തന്ത്രങ്ങൾ മെനയുകയും അത്യാധുനിക സാങ്കേതികവിദ്യ വഴി ബ്രാവോയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുഎസ് ബോംബറുകളും ഡ്രോണുകളും പ്രദേശത്തെ ഇറാൻ റെവല്യൂഷണറി ഗാർഡ് സേനയ്ക്ക് നേരെ ശക്തമായ ആക്രമണം നടത്തി പാതയൊരുക്കി.
46 വർഷത്തിന് ശേഷമാണ് അമേരിക്കൻ കമാൻഡോകൾ നേരിട്ട് ഇറാൻ്റെ മണ്ണിലിറങ്ങി ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നത്. 90 ഓളം എലൈറ്റ് കമാൻഡോകൾ അടങ്ങുന്ന വൻ സന്നാഹമാണ് രക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുത്തത്. മലമുകളിൽ നിന്നും ‘ലിറ്റിൽ ബേർഡ്’ ഹെലികോപ്റ്ററുകൾ വഴിയാണ് ബ്രാവോയെ സൈന്യം സുരക്ഷിതമായി എയർക്രാഫ്റ്റിലേക്ക് മാറ്റിയത്.
കോടികളുടെ വിമാനങ്ങൾ യുഎസ് തന്നെ തകർത്തു
രക്ഷാപ്രവർത്തനത്തിന് എത്തിയ വിമാനങ്ങളുടെ ലാൻഡിംഗ് ഗിയർ മരുഭൂമിയിലെ പൂഴിമണലിൽ പൂണ്ടുപോയത് അവസാന നിമിഷം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇറാൻ സൈന്യം വളയാൻ സാധ്യതയുള്ളതിനാലും, അമേരിക്കയുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാനും ഏകദേശം 100 ദശലക്ഷം ഡോളർ വിലവരുന്ന രണ്ട് രക്ഷാവിമാനങ്ങളും ഹെലികോപ്റ്ററുകളും യുഎസ് സൈന്യം തന്നെ സ്ഫോടനത്തിലൂടെ തകർത്തു. തുടർന്ന് വ്യോമസേനയുടെ മറ്റൊരു പ്രത്യേക രഹസ്യ വിഭാഗം എത്തിയാണ് സൈനികരെയും ബ്രാവോയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. തൻ്റെ അതിജീവനവും രക്ഷപ്പെടലും ഒരു ‘ആധുനിക അത്ഭുതം’ ആണെന്നാണ് കേണൽ ബ്രാവോ വിശേഷിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ സൂര്യൻ ഉദിച്ചുയരുമ്പോൾ ബ്രാവോ സുരക്ഷിതനായി രക്ഷപെട്ടിരുന്നു. ഇറാൻ വിട്ടതിനു തൊട്ടുപിന്നാലെ, ബ്രാവോ അമേരിക്കയിലുള്ള തന്റെ ഭാര്യയെ ഫോണിൽ വിളിച്ചു.
“എനിക്ക് അവളെയോർത്ത് വലിയ അഭിമാനമുണ്ട്. അവൾ കാണിച്ച ആത്മധൈര്യത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു,” ബ്രാവോ പറഞ്ഞു.
താൻ അനുഭവിച്ച കഷ്ടപ്പാടുകൾക്കുമപ്പുറം, ഈ രക്ഷാപ്രവർത്തനം മറ്റൊന്നുകൂടി അമേരിക്കൻ ജനതയെ ബോധ്യപ്പെടുത്തുന്നുണ്ടെന്ന് ഈ ഓഫീസർ പറയുന്നു. “ഒരാളെയും പിന്നിൽ ഉപേക്ഷിക്കില്ല എന്ന നമ്മുടെ വാഗ്ദാനം പാലിക്കാൻ അമേരിക്ക എന്തും ചെയ്യാൻ തയ്യാറാണ് എന്നതിന്റെ ചരിത്രപരമായ ഉദാഹരണമാണിത്. കൂട്ടായ്മയുടെയും, കഠിനമായ പരിശീലനത്തിന്റെയും, വിശ്വാസത്തിന്റെയും, ശരിയായ തീരുമാനങ്ങളുടെയും, നേതൃപാടവത്തിന്റെയും കഥയാണിത്.”
A US pilot miraculously survives after his parachute fails and he lands in Iran; here is the story of the dramatic military operation, the first time US commandos set foot on Iranian soil in 46 years…













