
പാരിസ്: ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കനേഡിയൻ പോപ്പ് ഗായിക സെലിൻ ഡിയോൺ വീണ്ടും സംഗീത വേദിയിലേക്ക് തിരിച്ചെത്തി. അപൂർവ നാഡീരോഗമായ ‘സ്റ്റിഫ്-പേഴ്സൺ സിൻഡ്രോം’ ബാധിച്ച് ചികിത്സയിലായിരുന്ന 58-കാരിയായ താരം, പാരിസിലെ പ്ലെനിറ്റ്യൂഡ് അരീനയിൽ 30,000 ആരാധകരെ സാക്ഷി നിർത്തിയാണ് തൻ്റെ ഉജ്ജ്വലമായ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. വേദിയിൽ വികാരാധീനയായ സെലിൻ സന്തോഷക്കണ്ണീരോടെയാണ് ആരാധകരെ അഭിവാദ്യം ചെയ്തത്.
1990-കളിലെ തൻ്റെ പ്രശസ്തമായ ഫ്രഞ്ച് ഗാനം “ഓൺ നെ ചേഞ്ച് പാസ്” പാടിക്കൊണ്ടാണ് അവർ സംഗീത നിശയ്ക്ക് തുടക്കമിട്ടത്. “ഇത് സന്തോഷക്കണ്ണീരാണ്, നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” സെലിൻ വേദിയിൽ പറഞ്ഞു. അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമ ഉൾപ്പെടെയുള്ള പ്രമുഖർ കൺസേർട്ട് കാണാൻ എത്തിയിരുന്നു.
ശരീരപേശികൾ കഠിനമാവുകയും കടുത്ത വേദനയുണ്ടാക്കുകയും ചെയ്യുന്ന ഭേദമാക്കാനാകാത്ത രോഗാവസ്ഥയോട് വലിയ പോരാട്ടം നടത്തിയാണ് സെലിൻ്റെ ഈ മടങ്ങിവരവ്. രോഗം കാരണം മുൻപ് പല പരിപാടികളും അവർക്ക് റദ്ദാക്കേണ്ടി വന്നിരുന്നു. രോഗത്തെ അതിജീവിക്കാൻ അത്‌ലറ്റുകളെപ്പോലെ വർഷങ്ങളോളം കഠിനമായ വോയ്‌സ് തെറാപ്പിയും, നൃത്ത പരിശീലനങ്ങളും താൻ നടത്തിയതായി താരം വെളിപ്പെടുത്തി.
താരത്തിൻ്റെ 26 വേദികളിലായി നടക്കുന്ന സംഗീത യാത്രയുടെ ആദ്യ ഘട്ടമായാണ് പാരിസിലെ ഈ പരിപാടി. സെലിൻ്റെ തിരിച്ചുവരവ് ആഘോഷമാക്കാൻ പാരിസ് നഗരത്തിൽ വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഇതിൻ്റെ ഭാഗമായി അരീനയ്ക്ക് സമീപമുള്ള സബർബൻ റെയിൽവേ സ്റ്റേഷന് താത്കാലികമായി “സെലിൻ” എന്ന് പേരിടുകയും ചെയ്തു. നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതമുള്ള സെലിൻ ഡിയോൺ ലോകമെമ്പാടുമായി 26 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട്.
Celine Dion returns to the stage after overcoming a rare illness; a musical feast begins, moving Paris to tears.













